നാഗർകോവിൽ: ലോക്ക്ഡൗൺ നീണ്ടുപോകുന്നത് കാരണം ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് കന്യാകുമാരി ജില്ലയിലെ പൈനാപ്പിൾ കർഷകർ. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും വരെ കന്യാകുമാരിയിലെ കൃഷിയിടങ്ങളിൽ നിന്ന് പൈനാപ്പിൾ കയറ്റി അയച്ചിരുന്നു. ലോക്ക് ഡൗൺ കാരണം അത് മുടങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവിടത്തെ കർഷകർക്ക് സംഭവിച്ചത്. പലരും ബാങ്കിൽ നിന്ന് വായ്പയെടുത്തും മറ്റും ആരംഭിച്ച കൃഷിയാണ് ഇത്തരത്തിൽ കൺമുന്നിൽ നശിക്കുന്നത്. കേരളത്തിൽ വിവാഹ പാർട്ടികൾക്കും മറ്റ് ആഘോഷ ചടങ്ങുകൾക്കും വിളമ്പാനായി വലിയതോതിൽ പൈനാപ്പിൾ ഇവിടെ നിന്ന് എത്തിക്കുമായിരുന്നു. അതെല്ലാം നിലച്ചതോടെ പൈനാപ്പിൾ കർഷകർ ആകെ ഗതികേടിലാണ്. കന്യാകുമാരി ജില്ലയിൽ 5000 ഏക്കറിൽ 100 കണക്കിന് കർഷകർ പൈനാപ്പിൾ കൃഷി നടത്തി വരുന്നുണ്ട്. കൃഷി ആരംഭിച്ച് ഒരു വർഷത്തിന് ശേഷമാണ് സാധാരണയായി പൈനാപ്പിൾ വിളയുന്നത്. ഒരു ചെടിയിൽ നിന്ന് രണ്ട് തവണ മാത്രമാണ് കായ്ക്കുന്നത്. മുൻപ് റംസാൻ നോമ്പ് തുടങ്ങുന്ന സമയത്ത് കൂടുതൽ പൈനാപ്പിൾ ദുബായ്, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതിനും സാധിക്കാത്ത അവസ്ഥയാണ്. ചില ബ്രോക്കർമാർ ഇവിടെ നിന്ന് 1 കിലോ പൈനാപ്പിൾ 7 രൂപക്ക് വാങ്ങിയ ശേഷം ചെന്നൈയിൽ കൊണ്ട് പോയി 25 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നതായും നഷ്ടം തങ്ങൾക്ക് മാത്രമാണെന്നും ഇവിടത്തെ കൃഷിക്കാർ പറയുന്നു.
കൃഷി ചെയ്യുന്നത് ആദിവാസികൾ
ഈ ചെടിയുടെ മുള്ളുകൾ ശരീരത്തിൽ കൊണ്ടാൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടുമെന്നതിനാൽ
സാധാരണ തൊഴിലാളികൾക്ക് പകരം പേച്ചിപ്പാറ, ചിറ്റാർ ഭാഗത്ത് താമസിക്കുന്ന ആദിവാസി തൊഴിലാളികളെ വച്ചാണ് ആളുകൾ പൈനാപ്പിൾ കൃഷി ചെയ്യുന്നത്. ഇപ്പോൾ ചിലർ അന്യസംസ്ഥാന തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ട്. കയറ്റുമതി സാധിക്കാത്തതിനാൽ കായ്ച്ച പൈനാപ്പിളുകൾ നശിക്കുന്ന അവസ്ഥയുമുണ്ട്.
പ്രതികരണം
22 വർഷത്തെ സേവനത്തിന് ശേഷം സി.ആർ.പി.എഫിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച കാശുകൊണ്ട് സ്വന്തം നാട്ടിൽ കൃഷി ചെയ്തു ജീവിക്കണമെന്നും പരമാവധി തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കണമെന്നുമുള്ള ആഗ്രഹം കൊണ്ടാണ് അഞ്ചു വർഷം മുൻപ് പൈനാപ്പിൾ കൃഷി ആരംഭിച്ചത്. ഇത്രയും നാൾ ഉണ്ടാകാത്ത നഷ്ടമാണ് ഇപ്പോൾ സംഭവിച്ചത്.
രാധാകൃഷ്ണൻ, മാത്തൂർ സ്വദേശി
പ്രധാന കൃഷി സ്ഥലങ്ങൾ
പേച്ചിപ്പാറ
അരുമന
ചിറ്റാർ ഡാമിന്റെ തീരം
കോതയാർ
സീസൺ സമയത്ത് ഒരു ദിവസം കയറ്റി അയച്ചിരുന്നത് 18 മുതൽ 25 ടൺ വരെ പൈനാപ്പിൾ
കന്യാകുമാരി ജില്ലയിൽ പൈനാപ്പിൾ കൃഷി 5000 ഏക്കറിൽ
|