pally

പൂവച്ചൽ: അങ്കണവാടിയിലൂടെ കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ തുടർ നടപടിയില്ലെന്ന് പരാതി. പൂവച്ചൽ പഞ്ചായത്തിലെ പൊന്നെടുത്തകുഴി 103ാം നമ്പർ അങ്കണവാടിയിൽ നിന്നു വിതരണം ചെയ്‌ത ന്യൂട്രിമിക്‌സിലാണ് പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ഏപ്രിൽ 24നാണ് സംഭവം. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ജില്ലാ കുടുംബശ്രീ മിഷന് പരാതി നൽകിയിരുന്നു. ഇക്കാര്യം ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിൽ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നെത്തിയ ജീവനക്കാർക്ക് പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയ പായ്ക്കറ്റ് കൈമാറുകയും ചെയ്‌തു. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൂവച്ചൽ പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന ന്യൂട്രിമിക്‌സ് യൂണിറ്റ് നിറുത്തിവയ്ക്കാൻ കുടുംബശ്രീ ജില്ലാമിഷൻ കോ ഓർ‌‌ഡിനേറ്റർ ഉത്തരവ് നൽകിയിരുന്നു. പരിശോധനയിൽ യൂണിറ്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. നേരത്തെ പരാതിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന യൂണിറ്റിന് 2019 ഡിസംബറിലാണ് ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയത്.

പ്രതികരണം

പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടർന്നുള്ള പരിശോധനയിൽ യൂണിറ്റ് അശാസ്ത്രീയവും വൃത്തിഹീനവുമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. തുടർന്ന് യൂണിറ്റിന്റെ പ്രവർത്തനം നിറുത്തിവയ്‌പിച്ചു. കൃത്യമായ മാർഗ നിർദ്ദേശം പാലിച്ചാൽ മാത്രമേ ഇനി യൂണിറ്റിന് പ്രവർത്തിക്കാൻ അനുമതി നൽകൂ.

കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ


വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച യൂണിറ്റാണ് കുടുംബശ്രീ ജില്ലാമിഷൻ അടച്ചുപൂട്ടിയത്. ശുചിത്വമുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചാൽ യൂണിറ്റ് തുറക്കുന്ന കാര്യം ആലോചിക്കും.

കെ.രാമചന്ദ്രൻ,​ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്