brazil

റിയോ ഡി ജനീറോ : കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ ഉണ്ടായത് ഇതേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്ക്. 881 മരണം കൊവിഡ് മരണമാണ് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണ സംഖ്യ 12,461 ആയി. ലാറ്റിനമേരിക്കയിൽ കൊവിഡിന്റെ പ്രഭാവ കേന്ദ്രമായി മാറിയ ബ്രസീലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മരണനിരക്കിൽ ലോകത്ത് ആറാം സ്ഥാനത്തുള്ള രാജ്യം.

രാജ്യത്ത് കൊവിഡ് പരിശോധന കുറവായതിനാൽ വൈറസ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഔദ്യോഗിക രേഖകളിലേതിനെക്കാൾ വളരെ കൂടുതലായിരിക്കും. ആശുപത്രിയിലെത്തുന്നവരെ മാത്രമാണ് ബ്രസീലിൽ പരിശോധനകൾക്ക് വിധേയമാക്കുന്നത്. ആശുപത്രികളാകട്ടെ എല്ലാം നിറഞ്ഞു കവിഞ്ഞു കഴിഞ്ഞു. നിലവിൽ 178,214 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണവും മരണ സംഖ്യയും ഇനിയും കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കഴി‌ഞ്ഞ ദിവസം മാത്രം 9,000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്പിൽ രോഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. അതേ സമയം, വൈറസിന്റെ വ്യാപനം അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ അതീവ ശക്തമായി തുടരുകയാണ്. ബ്രസീലിൽ സ്ഥിതിഗതികളിൽ വഷളാകുന്നതോട് കൂടി അയൽരാജ്യങ്ങളായ പെറു, അർജന്റീന, വെനസ്വേല തുടങ്ങിയവയും ഭീതിയിലാണ്.

ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ ഇപ്പോഴും തന്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ വേണമെന്ന് പറയുന്ന ഗവർണർമാരെ ബൊൽസൊനാരോ വിമർശിക്കുന്നത് പതിവാണ്. ഈ ആഴ്ച ആദ്യം ബൊൽസൊനാരോ പുറപ്പെടുവിച്ച ഉത്തരവിൽ ജിം, ഹെയർ സലൂണുകൾ എന്നിവയെ അവശ്യ സേവനങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരുന്നു. എന്നാൽ പത്തിലേറെ ഗവർണർമാർ ഈ ഉത്തരവ് നടപ്പാക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഉത്തരവ് അനുസരിക്കാൻ തയാറാകാത്ത ഗവർണർമാർക്ക് കോടതിയെ സമീപിക്കാമെന്നാണ് ബൊൽസൊനാരോ പറയുന്നത്.