തിരുവനന്തപുരം : മാസ്ക് ധരിക്കാതെ എത്തിയാൽ സാക്ഷാൽ കാലനായാലും കേരളപൊലീസ് പിടികൂടി പിഴയടിക്കും. പൊലീസ് നടപടിഭയന്നും സർക്കാരിന്റെ കൊവിഡ് പ്രതിരോധ ബോധവൽക്കരണ നടപടികളെ മാനിച്ചും കാലനും മാസ്ക് ധരിക്കുന്ന "മാസ്കിഫിക്കേഷ"നെന്ന പൊലീസിന്റെ ഹ്രസ്വചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
മാസ്ക് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം പൊതുജനത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതിന്റെ ബോധവൽക്കരണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭൂമിയിലെത്തുന്ന കാലനെ മാസ്ക് ധരിക്കാത്തതിന് എസ്.ഐ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യുന്നു. തുടർന്ന് മാസ്‌ക്കണിഞ്ഞ് കാലൻ ഭൂമിയിൽ തുടരുന്നതാണ് ചിത്രം. പേരൂർക്കട പൊലീസ് ക്യാമ്പിലെ ഹവിൽദാറും സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിലെ സൈബർ വിഭാഗം അംഗവുമായ വിതുര സ്വദേശി ഹേമന്ത് വംശയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ലക്ഷക്കണക്കിന് പേരാണ് ചിത്രം കണ്ടത്.