തിരുവനന്തപുരം: രാജ്യമാകെ കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ അത് മറയാക്കി റെയിൽവേ യാത്രക്കാരെ പിഴിയുുന്നതായി പരാതി. പ്രത്യേക ട്രെയിനുകളിൽ തിരക്കിന് അനുസരിച്ച് നിരക്ക് കൂട്ടുന്ന ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിന്റെ മറവിൽ രാജധാനി എക്സ് പ്രസിലെ സീറ്റ് നിരക്ക് ആയിരം മുതൽ രണ്ടായിരത്തി ഇരുന്നൂറ് രൂപവരെ റെയിൽവേ കൂട്ടി. നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരോടാണ് ഈ നിരക്ക് ഈടാക്കുന്നത്.
രാജധാനി ട്രെയിനിലെ ആദ്യ 20 ശതമാനം ടിക്കറ്റിന് മാത്രമാണ് അടിസ്ഥാന നിരക്ക്. ഈ സീറ്റുകൾ തീരുന്നമുറയ്‌ക്ക് 10 മുതൽ 50ശതമാനംവരെ നിരക്ക് കൂട്ടും.തിങ്കളാഴ്‌ച ബുക്കിംഗ് തുടങ്ങുമ്പോൾ ന്യൂഡൽഹി–തിരുവനന്തപുരം യാത്രയ്ക്ക് സെക്കൻഡ് എ.സിയിൽ 4,260, തേഡ് എ.സിയിൽ 2,930 എന്നിങ്ങനെയായിരുന്നെങ്കിൽ ചൊവ്വാഴ്‌ച രാവിലെ ഇത് യഥാക്രമം 6225, 4,065 രൂപയായി ഉയർന്നു. തിങ്കളാഴ്‌ച ആദ്യം ബുക്ക് ചെയ്‌തവർക്ക് 2,155 രൂപയ്ക്ക് തേർഡ് എ.സി ടിക്കറ്റ് കിട്ടിയിരുന്നു. ഫസ്റ്റ് എ.സിയിൽ തിരക്ക് കുറവായതിനാൽ നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജധാനിയിലെ ടിക്കറ്റ് ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.