veli

തിരുവനന്തപുരം: ചൊവ്വാഴ്ച പെയ്‌ത കനത്ത മഴയിൽ വേളിയിലെ കെ.ടി.ഡി.സിയുടെ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് (ഫ്ലോട്ടില) കായലിൽ മുങ്ങി. ഇരുനില റസ്റ്റോറന്റിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിനടിയിലായി. രാത്രി വരെ നീണ്ടുനിന്ന ശക്തമായ മഴയിൽ വേളി കായലിലെ ജലനിരപ്പ് ഉയർന്നതോടെയാണ് റസ്റ്റോറന്റ് മുങ്ങിയത്. മലിനജലം കളയുന്ന സംവിധാനത്തിലൂടെയാണ് വെള്ളം കയറിയതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഫ്രിഡ്ജ് അടക്കമുള്ള സാധനസാമഗ്രികൾ നശിച്ചിട്ടുണ്ട്. ലോക്ക് ഡൗണിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വെള്ളം കയറി തുടങ്ങിയതോടെ ഫയർഫോഴ്സെത്തി വെള്ളം മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വെള്ളം പുറത്തേക്ക് ഒഴുക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വെള്ളം കയറിയെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. ഓഖി ചുഴലിക്കാറ്റിൽ തകർന്ന് ഫ്ലോട്ടിംഗ് റസ്റ്റോറന്റ് ആറുമാസം മുമ്പാണ് 70 ലക്ഷം രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് നവീകരിച്ചത്. 74 പേരെ ഒരേ സമയം ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ ഉൾക്കൊള്ളാൻ കഴിയും. പരിപാലനത്തിലെ വീഴ്ചയാണ് നിലവിലെ അവസ്ഥയ്‌ക്ക് കാരണമെന്നാണ് റസ്റ്റോറന്റ് നവീകരിച്ച സ്വകാര്യ കമ്പനിയുടെ വിശദീകരണം.

പ്രതികരണം

ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്ന തരത്തിലാണ് റസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് അന്വേഷണം നടത്തണം. റസ്റ്റോറന്റ് എത്രയുംവേഗം നവീകരിച്ച് പ്രവർത്തനം ആരംഭിക്കണം.

വി.എസ്. ശിവകുമാർ, എം.എൽ.എ