കൊവിഡ് പശ്ചാത്തലത്തിൽ ഓട്ടമൊബെെൽ രംഗത്ത് ഉണർവു പകരാൻ പഴയ വാഹനങ്ങൾ പൊളിച്ചു കളയുന്ന നയം ഉടൻ നടപ്പാക്കാൻ കേന്ദ്രം. ഉരുക്കു വ്യവസായത്തിന് കൂടുതൽ ആക്രി സാധനങ്ങൾ കിട്ടാൻ സഹായിക്കുന്ന ‘സ്ക്രാപ് നയം’ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. 2020 ജൂലൈ മുതൽ ഇതു നടപ്പാക്കുമെന്നാണ് കേന്ദ്രഗതാഗത മന്ത്രാലയം നേരത്തേ പറഞ്ഞിരുന്നത്.
ഉരുക്കു നിർമാണത്തിനാവശ്യമായ ഇരുമ്പടങ്ങിയ ആക്രിയുടെ ഉൽപാദനത്തിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ ലക്ഷ്യമിട്ടാണ് സ്ക്രാപ് നയം. കഴിഞ്ഞ വർഷം ജൂലൈയിൽ ഇതിന്റെ കരട് പുറത്തിറക്കിയിരുന്നു. 2030ൽ ഇന്ത്യയുടെ ഉരുക്ക് ഉൽപാദനം പ്രതിവർഷം 30 കോടി ടൺ ആക്കാനുള്ള ദേശീയ ഉരുക്കു നയ (2017)ത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്. രാജ്യത്ത് ആക്രി പൊളിച്ചു പുനരുപയോഗ സജ്ജമാക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ചട്ടങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യാന്തര തലത്തിലെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ ചെലവിൽ ആക്രി നൽകാൻ ഇന്ത്യക്കു കഴിയുമെന്നാണ് വിലയിരുത്തൽ.
ആക്രിയുടെ ശാസ്ത്രീയ ശേഖരണം, പൊളിക്കൽ, പുനരുപയോഗത്തിനു തയാറാക്കൽ എന്നിവയ്ക്കാണ് നയം തയാറാക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് പഴയ വാഹനങ്ങൾ പൊളിക്കുന്ന നയം തയാറാക്കിയത്. ഇതിന്റെ കരട് നേരത്തേ തയാറായതാണ്. ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുനർ റജിസ്ട്രേഷൻ ഫീസ് 25 ഇരട്ടിയിലേറെ ഉയർത്താനും ഇതിൽ നിർദേശമുണ്ട്. വാഹനവിൽപനയിലുണ്ടായ ഭീമമായ കുറവിന് ഇതു പരിഹാരമാകുമെന്നാണ് കേന്ദ്രസർക്കാർ കണക്കു കൂട്ടുന്നത്. പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും.
സ്ക്രാപ്പേജ് നയം നടപ്പാക്കുന്നത് ഓട്ടമൊബീൽ വ്യവസായത്തിന് വലിയ ഉണർവു നൽകുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വാഹന ഉടമകളുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു. ഇത് ഉൽപാദനച്ചെലവ് ഏറെ കുറയ്ക്കും. അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽത്തന്നെ ധാരാളമായി ലഭ്യമാകുമ്പോൾ വാഹനവിലയിലും 20 മുതൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ഗതാഗതമന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ.