brazil

സാവോ പോളോ : ബ്രസീലിൽ ആദ്യ കൊവിഡ് 19 മരണം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിന് രണ്ട് മാസങ്ങൾക്കു മുമ്പ് തന്നെ കൊറോണ വൈറസ് ബാധയേറ്റുള്ള മരണങ്ങൾ രാജ്യത്തുണ്ടായതായി ഗവേഷകർ. ബ്രസീലിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയവരിൽ ഓസ്‌വാൾഡോ ക്രൂസ് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ജനുവരി 19നും 25നും ഇടയിൽ റിയോ ഡി ജനീറോയിൽ മരിച്ച ഒരു രോഗിയ്ക്ക് കൊറോണ വൈറസ് ബാധയുണ്ടായിരുന്നതായി മോളിക്യുലാർ പരിശോധനകളിലൂടെ കണ്ടെത്തിയതായി ഇവർ പറയുന്നു. മാർച്ച് 16നാണ് ബ്രസീലിൽ കൊവിഡ് മൂലം ഒരാൾക്ക് മരിക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഫെബ്രുവരി ആദ്യം തന്നെ ബ്രസീലിൽ വൈറസ് വ്യാപനം നടന്നിരുന്നതായും അന്ന് റിയോയിൽ നടന്ന കാർണിവലുകളിലും മറ്റും എത്തിയവരിലേക്ക് രോഗവ്യാപനം നടന്നെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

പ്രശസ്തമായ റിയോ കാർണിവലിന് ബ്രസീൽ ഒരുങ്ങുമ്പോൾ 20 ലേറെ രാജ്യങ്ങളിൽ കൊവിഡ് വ്യാപിച്ചിരുന്നു. അമേരിക്കൻ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് എത്തിയിട്ടില്ലാത്തതിനാൽ അന്ന് കാർണിവലിന് നിരോധനവുമുണ്ടായില്ല. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ആലോചിക്കാതെ തന്നെ എല്ലാ വർഷത്തെയും പോലെ ബ്രസീലിയൻ തെരുവുകളിൽ കാർണിവൽ പാർട്ടികളും സാംബാ പരേഡുകളും നടന്നു. ബ്രസീലിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സമയം കൂടിയാണ് റിയോ കാർണിവൽ. ചെറിയ ആശങ്കകൾ ആരോഗ്യ വിദഗ്ദർക്കിടയിൽ ഉണ്ടായെങ്കിൽ പോലും റിയോ കാർണിവൽ ഉപേക്ഷിക്കുന്ന കാര്യം ബ്രസീലുകാർക്ക് ആലോചിക്കാൻ കൂടിയാവില്ല. ഫെബ്രുവരിൽ നടന്ന റിയോ കാർണിവലിൽ പതിനായിരക്കണക്കിന് പേരാണ് ബ്രസീലിയൻ തെരുവുകളിൽ ഒത്തുകൂടിയത്.

പ്രസിഡന്റ് ജെയർ ബൊൽസൊനാരോയ്ക്കാകട്ടെ അന്നും ഇന്നും കൊവിഡ് ഒരു വിഷയമേ അല്ല. കൊറോണ വൈറസ് ബ്രസീലിൽ ഇത്രയേറെ വ്യാപിക്കാൻ റിയോ കാർണിവൽ വലിയ പങ്ക് വഹിച്ചെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ പൊതുവെ പരിശോധനാ സംവിധാനം കുറഞ്ഞ ബ്രസീലിൽ ഇത്തരമൊരു ഭീമൻ കാർണിവലിലെത്തിയവരിൽ കൊവിഡ് വ്യാപനം നടന്നത് സംബന്ധിച്ച പഠനങ്ങൾ നടത്തുകയെന്നത് ഇപ്പോൾ അപ്രായോഗികമാണ്. ആലോചിക്കാൻ പോലുമാകാത്ത വണ്ണം വൈറസ് രാജ്യത്തിന്റെ ഓരോ കോണുകളിലെത്തിയിരിക്കാമെന്നും രോഗികളുടെ എണ്ണം ഇനിയും കുത്തനെ കൂടുമെന്നുമാണ് ലോകാരോഗ്യ സംഘടനയടക്കം മുന്നറിയിപ്പ് നൽകുന്നത്.