
വിതുര: മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള കേരള പൊലീസിന്റെ വൈറൽ ഹ്രസ്വചിത്രം ‘മാസ്കിഫിക്കേഷ’ന് പിന്നിലെ സൂത്രധാരൻ വിതുര സ്വദേശി. പേരൂർക്കട പൊലീസ് ക്യാംപിലെ ഹവിൽദാറും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ സൈബർ വിഭാഗത്തിലെ അംഗവുമായ ഹേമന്ത് വംശയാണു മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള ചെറുചിത്രം എഴുതി സംവിധാനം ചെയ്തത്. ചിത്രത്തിന്റെ എഡിറ്റിംഗും കൈകാര്യം ചെയ്ത ഹേമന്ത് ചിത്രത്തിലെ എസ്.ഐ കഥാപാത്രത്തെയും അവതരിപ്പിച്ചു. സർക്കാർ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതു സംബന്ധിച്ച ബോധവത്കരണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭൂമിയിലെത്തുന്ന കാലൻ മാസ്ക് ധരിക്കാതെ ഇറങ്ങി നടക്കുന്നതും സ്ഥലം എസ്.ഐ പിഴ ചുമത്തുന്നതും തുടർന്ന് നിയമം അനുസരിച്ച് കാലൻ മാസ്ക് ധരിച്ചു ഭൂമിയിൽ യാത്ര തുടരുകയും ചെയ്യുന്നത് ശുദ്ധ നർമത്തിലൂടെയാണു ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചു. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് വിൻഡോകളിലായി ലക്ഷക്കണക്കിനു പേർ ചിത്രം കണ്ടു. അനവധി പേർ ഷെയർ ചെയ്യുകയും ചെയ്തു. കാലനായി വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയുടെ ഭർത്താവ് വിതുര മധുവും മറ്റൊരു കഥാപാത്രമായി പൊന്മുടി പൊലീസിലെ സി.പി.ഒ സർജു എസ്. നായരുമെത്തി. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്യനാട് സ്വദേശി ജൈത്രൻ തോട്ടത്തിലാണു ചിത്രത്തിനു കാമറ ചലിപ്പിച്ചത്.