airport

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തേക്കുള്ള ആദ്യവിമാനം ഇന്നലെ പുലർച്ചെ ദോഹയിൽ നിന്നെത്തി. ‌ രാത്രി 8.30ന് ദോഹയിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ എക്‌‌സ‌്പ്രസ് വിമാനം എത്തേണ്ടതിനെക്കാൾ ഒരു മണിക്കൂർ വൈകി പുലർച്ചെ 1.15 ഓടെയാണ് എത്തിയത്.

72 സ്ത്രീകൾ, 87 പുരുഷന്മാർ, 22 കുട്ടികൾ എന്നിവരടക്കം 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ കൊവിഡ് ബാധിച്ചയാളുമായി വിദേശത്ത് വച്ച് സമ്പർക്കമുണ്ടായ യാത്രക്കാരനെയും പൂർണ ഗർഭിണിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 39 ഗർഭിണികൾ, രണ്ട് മുതിർന്ന വ്യക്തികൾ, 18 കുട്ടികൾ എന്നിവരടക്കം 78 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി..രണ്ട് പേർ മസ്‌കറ്റ് ഹോട്ടലിൽ പെയ്ഡ് ക്വാറന്റൈനിലാണ്. 18 പേർ തമിഴ്നാട്ടിലേക്ക് പോയി. മറ്റുള്ളവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി തിരുവനന്തപുരം (48), കൊല്ലം (46), പത്തനംതിട്ട (24), ആലപ്പുഴ (13), എറണാകുളം (9), തൃശൂർ (7), പാലക്കാട് (2), മലപ്പുറം (1), കോഴിക്കോട് (5), വയനാട് (1), കാസർകോട് (4) എന്നീ ജില്ലകളിൽ നിന്നുള്ളവരും തമിഴ്‌നാട്(19), കർണാടക(1), മഹാരാഷ്ട്ര (1) എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ദുരിതയാത്ര
വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുലർച്ചെ 5 മണിയോടെയാണ് അന്യജില്ലകളിലുള്ള 15 പേരെ കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുപോയത്. രണ്ട് ഗർഭിണികളടക്കം നാല് സ്ത്രീകളുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ, പ്രഭാത ഭക്ഷണത്തിനോ സൗകര്യമൊരുക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ ബസിൽ നിന്ന് പുറത്തിറങ്ങാനും അനുവദിച്ചില്ല. പ്രതിഷേധം കനത്തതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രാഥമികകൃത്യത്തിന് സൗകര്യമൊരുക്കി. അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർ ഇവരോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഗർഭിണികൾക്ക് ടാക്‌സി, ആംബുലൻസ് സൗകര്യം ഒരുക്കുമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ ഉറപ്പെങ്കിലും ബസ് തൃശൂരിലെത്തിയപ്പോഴാണ് തുടർയാത്രയ്ക്ക് ആംബുലൻസ് സൗകര്യമൊരുക്കിയത്.