വെഞ്ഞാറമൂട്: കുട്ടികളുടെ സർഗ്വാസനകൾ കണ്ടെത്തി കൊവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിൽ വിജയം കൈവരിച്ചിരിക്കുകയാണ് പാറയ്ക്കൽ ഗവ.യു.പി.സ്കൂളിലെ രജിത എന്ന അദ്ധ്യാപിക. മാണിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളെ മൊബെെൽ ഫോണിലൂടെ ബന്ധപ്പെട്ട് ഓരോരുത്തർക്കും അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുകയും അത് രക്ഷാകർത്താക്കളുടെ സഹായത്തോടെ മൊബെെലിൽ ഷൂട്ടുചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതാണ് ടീച്ചറുടെ രീതി. കൊവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഹ്രസ്വചിത്രങ്ങൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.രജിത ടീച്ചറിന്റെ പുതുമയാർന്ന പ്രവർത്തനങ്ങൾക്ക് പ്രഥമാദ്ധ്യാപിക ലത ടിച്ചറുടെയും പി.ടി.എയുടെയും പൂർണ പിന്തുണയുണ്ട്.കണിയാപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസ് റൂമുകളുള്ളത് പാറയ്ക്കൽ യു.പി സ്കൂളിലാണ്. പത്ത് സ്മാർട്ട് ക്ലാസ് റൂമുകൾ ഇവിടെയുണ്ട്.ജൂൺ 1 മുതൽ ഓൺലെെൻ ക്ലാസുകൾ തുടങ്ങുന്നതിനുള്ള മുന്നൊരുക്കത്തിലാണ് പാറയ്കൽ സ്കൂളിലെ അദ്ധ്യാപകർ.