russia

മോസ്കോ : കഴിഞ്ഞ ദിവസം റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഞ്ച് കൊവിഡ് രോഗികൾ മരിച്ചിരുന്നു. വൈബോർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഹോസ്പിറ്റലിൽ നടന്ന അപകടത്തിന്റെ കാരണം വെന്റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ എല്ലാവരും വെന്റിലേറ്ററുകളിൽ കഴി‌ഞ്ഞിരുന്നവരുമാണ്. റഷ്യയിൽ വെന്റിലേറ്റർ സൃഷ്ടിച്ചെന്ന് പറയപ്പെടുന്ന ഈ അപകടം വിവാദമായിരിക്കുകയാണ്. വെന്റിലേറ്ററുകളുടെ കാര്യത്തിൽ തങ്ങളാണ് മികച്ചതെന്ന് അവകാശപ്പെട്ടിരുന്ന റഷ്യ ഇതോടെ വെട്ടിലായിരിക്കുകയാണ്. റഷ്യയുടെ ' അവെന്റ - എം ' മോഡൽ വെന്റിലേറ്ററുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വെന്റിലേറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാൻ റഷ്യ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മോസ്കോയ്ക്ക് കിഴക്ക് 1,500 കിലോമീറ്റർ അകലെയുള്ള ചെലയബിൻസ്കിൽ സ്ഥിതി ചെയ്യുന്ന ദ യുറാൽ ഇൻസ്ട്രുമെന്റ് എൻജിനിയറിംഗ് പ്ലാന്റാണ് സെന്റ് ജോർജ് ഹോസ്പിറ്റലിലേക്ക് അവെന്റ - എം വെന്റിലേറ്ററുകൾ കൈമാറിയത്. കൊവിഡിന്റെ തുടക്കം മുതൽ റഷ്യയിൽ വെന്റിലേറ്ററുകളുടെ ഉത്പാദനം ഇരട്ടിയാക്കിയിരുന്നു. 2012 മുതൽ റഷ്യയിലെ ആരോഗ്യ രംഗത്ത് ഉപയോഗിച്ച് വരുന്ന അവെന്റ - എം വെന്റിലേറ്ററുകൾ എല്ലാ സുരക്ഷാ പരിശോധനകൾക്ക് വിധേയമായതായും ഇതേവരെ അനിഷ്ട സംഭവങ്ങളുണ്ടാകാൻ ഇടവരുത്തിയിട്ടില്ലെന്നുമാണ് നിർമാതാക്കൾ പറയുന്നത്.

അതേസമയം, മോസ്കോയിൽ നിന്നും തങ്ങൾക്കയച്ച റഷ്യൻ വെന്റിലേറ്ററുകൾ ഉപയോഗിക്കില്ലെന്നും ഇവയുടെ സുരക്ഷയെ പറ്റി അന്വേഷണം തുടങ്ങിയെന്നും യു.എസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച സമാന രീതിയിൽ റഷ്യയിൽ തന്നെ മോസ്കോയിലെ ഒരു ആശുപത്രിയിൽ തീപിടിത്തമുണ്ടാകുകയും കൊവിഡിന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിക്കുകയും ചെയ്തിരുന്നു. നൂറു കണക്കിന് രോഗികളെ ഇവിടെ നിന്നും മാറ്റി. സെന്റ് പീറ്റേ്ഴ്സ്ബർഗിൽ അപകട സമയം ഉപയോഗിച്ചിരുന്ന അതേ മോ‌ഡൽ ' അവെന്റ - എം ' വെന്റിലേറ്ററുകളാണ് ഈ ആശുപത്രിയിലും ഉപയോഗിച്ചിരുന്നത്.

ഇതോടെ റഷ്യ രാജ്യമൊട്ടാകെ അവെന്റ - എം മോ‌ഡൽ വെന്റിലേറ്ററുകളുടെ ഉപയോഗം താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് നഗരങ്ങളിലാണ് കൊവിഡ് രോഗികൾക്കായി അവെന്റ - എം വെന്റിലേറ്ററുകൾ ഉപയോഗിച്ചിരുന്നത്.

ഏപ്രിൽ ആദ്യമാണ് ന്യൂയോർക്കിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി റഷ്യ 45 അവെന്റ - എം മോഡൽ വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സാ ഉപകരണങ്ങൾ യു.എസിന് കൈമാറിയത്. അന്ന് ന്യൂയോർക്കിനെ കൂടാതെ ന്യൂജേഴ്സിയിലും വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. അതുകൊണ്ട് രണ്ട് സംസ്ഥാനങ്ങളിലെയും വെയർഹൗസുകളിലേക്ക് വെന്റിലേറ്ററുകൾ കൈമാറുകയായിരുന്നു. പ്രവർത്തിപ്പിക്കാൻ ആവശ്യമായ പവർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം യു.എസ് അവെന്റ - എം വെന്റിലേറ്ററുകൾ താത്കാലികമായി മാറ്റി നിറുത്തിയിരിക്കുകയാണ്. അപ്പോഴാണ് വെന്റിലേറ്ററുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നത്.