കിളിമാനൂർ: മാസങ്ങൾക്ക് മുൻപ് പച്ചക്കറികളിൽ താരമായിരുന്ന സവാളയ്ക്ക് ഇന്ന് പുല്ല് വില. രണ്ട് മാസം മുൻപ് കിലോയ്ക്ക് 140 മുതൽ 160 രൂപ വരെ ഉണ്ടായിരുന്ന സവാളയ്ക്ക് ഇപ്പോൾ കിലോ 20 രൂപ മാത്രമാണ് ഉള്ളത്. സവാളക്ക് വില കൂടിയ സമയത്ത് അപ്രത്യക്ഷമായ ഉള്ളി വട ഉൾപ്പെടെയുള്ള വിഭവങ്ങൾ പഴയ പ്രതാപത്തോടെ തിരികെ എത്തിയിട്ടുണ്ട്.

നേരത്തെ ഹോട്ടലുകളിൽ മീനിനൊപ്പം കുറച്ച് സവാള ചോദിച്ചാൽ "സാറെ ഒരു മീൻ കൂടി വേണമെങ്കിൽ തരാം" സവാള ചോദിക്കല്ലേ എന്നായിരുന്നു മറുപടി. കല്യാണം പോലുള്ള ആഘോഷങ്ങളിൽ ചാക്ക് കണക്കിന് സവാള വേണ്ടത് കാരണം കല്യാണം നീട്ടുകയോ, ചിക്കൻ തുടങ്ങീ ആഹാര വിഭവങ്ങൾ മാറ്റുകയോ വരെ ചെയ്തിട്ടുണ്ട്. അന്നൊക്കെ പച്ചക്കറി വാങ്ങിയാൽ സവാള ലഭിക്കുമായിരുന്നില്ല. ഇന്ന് എല്ലാം സവാള മയമാണ്.

ലോക്ക് ഡൗണിൽ പ്പെട്ട് വീട്ടിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ സവാളയ്ക്കുള്ള ഈ വിലക്കുറവ് അനുഗ്രഹമായി. വൈകുന്നേരങ്ങളിലെ ചെറുകടി ഉൾപ്പെടെ വിവിധ പാചക പരീക്ഷണങ്ങൾക്കും സവാള വിധേയമായി. എന്റെ സമയം ഇനിയും വരും എന്ന ഭാവത്തോടെയാണ് മറ്റു പച്ചക്കറികൾക്കിടയിൽ ഇപ്പോൾ സവാളയുടെ ഇരിപ്പ്.