തിരുവനന്തപുരം: 18ന് മദ്യശാലകൾ തുറക്കുമ്പോൾ മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 10 മുതൽ 35 ശതമാനം വരെ വർദ്ധന വരുത്തും. ബോട്ടിലിന് 10 മുതൽ 200 രൂപ വരെ വില കൂടും.
ബിയറിന്റെയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെയും വില ഉയർത്തുന്നതിനായി നികുതിവകുപ്പ് കൊണ്ടുവന്ന കേരള പൊതുവില്പന നികുതി ഭേദഗതി ഓർഡിനൻസ് ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. ബിയറിനും വൈനിനും 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമനവുമാണ് നികുതി വർദ്ധന. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ വിലവർദ്ധന നിലവിൽ വരും.
ബിയറിന് 10 രൂപ കൂടും. കൂടുതൽ വിറ്റ് പോകുന്ന മദ്യ ഇനങ്ങളുടെ ഫുൾ ബോട്ടിലുകൾക്ക് 40- 200 രൂപ വരെ കൂടിയേക്കും. പ്രതിവർഷം 1200 കോടി രൂപയാണ് ഇതിലൂടെ അധികവരുമാനം പ്രതീക്ഷിക്കുന്നത്. വില കൂട്ടുന്നതോടെ 245 ശതമാനം വരെയാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നികുതി ലഭിക്കുക.
വെർച്വൽ ക്യൂ
തിരക്ക് കുറയ്ക്കാൻ ഓൺലൈൻ ക്യൂ സമ്പ്രദായം ഏർപ്പെടുത്തും. മദ്യം വാങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും വെർച്വൽ ക്യൂവിന് അപേക്ഷിക്കണം. ഓരോ മണിക്കൂർ വീതമുള്ള ടൈം സ്ലോട്ടാണ് സാമൂഹ്യ അകലം പാലിച്ച് അനുവദിക്കുക. ഇതിനായി എക്സൈസ് വകുപ്പ് സമർപ്പിച്ച ശുപാർശയുടെ വിശദാംശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.
'ലോക്ക് ഡൗൺ കാരണം വരുമാനമാർഗങ്ങളെല്ലാം ഇല്ലാതായതിനാലാണ് മദ്യത്തിന് നികുതി കൂട്ടുന്നത് "
- സർക്കാർ വിശദീകരണം
പുതുക്കിയ വില
(ബ്രായ്ക്കറ്റിൽ പഴയത്)
മാക്ഡവൽ, ഹണിബീ ബ്രാൻഡി: 620 (560)
സെലിബ്രേഷൻ റം ഫുൾ: 580 (520)
ഓൾഡ് മങ്ക് റം ഫുൾ: 850 (770)
ഗ്രീൻ ലേബൽ വിസ്കി: 730 (660)
മാജിക് മൊമന്റ്സ് വോഡ്ക: 1010 (910)
എം.ജി.എം വോഡ്ക: 620 (550)
സ്മിർനോഫ് വോഡ്ക: 1300 (1170)
ബെക്കാഡി റം: 1440 (1290)
ബാറിൽ കിട്ടും പാഴ്സൽ മദ്യം
ലോക്ക് ഡൗണിന് ശേഷം ബാറുകളിൽ മദ്യം പാഴ്സൽ വില്പന നടത്താൻ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തുന്നതും സർക്കാർ പരിഗണിക്കുന്നു. ബിവറേജ് ഒൗട്ട്‌ലെറ്റിലെ അതേ റേറ്റിൽ വിൽക്കണം. ടോക്കൺ സമ്പ്രദായത്തിൽ ഒരു കൗണ്ടർ വഴിയാവും ബോട്ടിൽ വില്പന. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനുള്ള അനുമതി മാത്രമാണ് നിലവിലുള്ളത്. നിലവിൽ ബിവറേജസ് ഗോഡൗണുകളിൽ നിന്നാണ് ബാറുടമകൾ മദ്യം വാങ്ങുന്നത്. എന്നാൽ, പഴ്സൽ വില്പനയ്ക്ക് മദ്യക്കമ്പനികളിൽ നിന്ന് നേരിട്ട് മദ്യം വാങ്ങിയാൽ (സെക്കൻസ്) ഖജനാവിന് തിരിച്ചടിയാകും.