വക്കം: വക്കത്തെ മങ്കുഴി മാർക്കറ്റ് അധികൃതർ അടച്ചു. മീൻ വാങ്ങാൻ നീന്തണമെന്ന ശീർഷകത്തിൽ മാർക്കറ്റിന്റെ ശോചനിയാവസ്ഥ കാട്ടി കേരളകൗമുദി ചിത്രം സഹിതം കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർക്കറ്റ് അടച്ചു പൂട്ടിയത്. രാവിലെ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു, റൂറൽ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ മാർക്കറ്റിന് മുന്നിൽ കയർ കെട്ടിയ ശേഷം മത്സ്യ വില്പനയടക്കം എല്ലാ കച്ചവടവും നിരോധിച്ചു കൊണ്ടുള്ള ബോർഡും സ്ഥാപിച്ചു.
മഴയും, വെള്ളക്കെട്ടും തീർന്നശേഷമേ ഇനി ഇതിനുള്ളിൽ മാർക്കറ്റ് പ്രവർത്തിക്കുകയുള്ളു എന്ന് പ്രസിഡന്റ് വേണുജി അറിയിച്ചു. വേനൽ മഴയിൽ മാർക്കറ്റിൽ അടിഞ്ഞ മലിനജലം ആഴ് ചകൾ കഴിഞ്ഞിട്ടും കെട്ടിക്കിടന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ദുർഗന്ധവും, കൊതുക് ശല്യവും രൂക്ഷമായതോടെ കച്ചവടക്കാരും, സമീപവാസികളും ഏറെ ബുദ്ധിമുട്ടിലുമായി. ഓടയുടെ കുറവാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ലോക്ക് ഡൗൺ കാലത്ത് മാർക്കറ്റ് അടച്ച് പൂട്ടുകയും, പകരം ഏർപ്പാടെന്ന നിലയിൽ മാർക്കറ്റിന് പുറത്ത് കച്ചവടത്തിന് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു. മാർക്കറ്റിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ പാതി വഴിയിലുമാണ്. പുതിയ സ്ഥലത്ത് വേനൽ മഴയിൽ വെള്ളക്കെട്ടായതോടെ വിൽക്കാനും, വാങ്ങാനും എത്തിയവർ ഏറെ ബുദ്ധിമുട്ടിലായി .മലിനജലത്തിൽ നിന്നു വേണം ക്രയവിക്രയം ചെയ്യാൻ. ഇത് പകർച്ചവ്യാധി പിടിപെടുമോ എന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. മാർക്കറ്റ് വീണ്ടും തൊട്ടടുത്തെയ്ക്ക് മാറ്റിയതോടെ കുറച്ചാശ്വാസമായി.