വിതുര. തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി- കണ്ണങ്കര- പുളിമൂട് റോഡിന് ഒടുവിൽ ശാപമോക്ഷമായി. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. തുരുത്തി - പുളിമൂട് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. അനവധി അപകടങ്ങൾ അരങ്ങേറുകയും, നിരവധി നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടാത്ത ദിനങ്ങൾ വിരളമാണ്. ഈ റോഡിലൂടെയുള്ള കാൽനട യാത്ര പോലും അസാദ്ധ്യമാണ്. ഇരു ചക്രവാഹനങ്ങളും മറ്റും ഓട്ടം വിളിച്ചാൽ വിമുഖത കാട്ടുന്ന അവസ്ഥയും സംജാതമായി. റോഡ് ടാറിംഗ് നടത്തി അപകടങ്ങൾക്ക് തടയിടണമെന്ന് ആവശ്യപ്പെട്ട് അനവധി തവണ സമരങ്ങൾ അരങ്ങേറി. നിരവധി പ്രാവശ്യം ത്രിതല നിവേദനങ്ങളും നൽകിയിട്ടുണ്ട്. റോഡിന്റെ തകർച്ചയും, അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളകൗമുദി വാർത്തശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്ഥലം സന്ദർശിച്ചിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു നാട്ടുകാർ. റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
നന്ദി രേഖപ്പെടുത്തി
പുളിമൂട്-കണ്ണങ്കര-തുരുത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസും, സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. പ്രേംകുമാറും നന്ദി രേഖപ്പെടുത്തി.