തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നടക്കം ആളുകൾ വലിയതോതിൽ വരുന്നതിനാൽ കൊവിഡ് സമൂഹവ്യാപനം ഒഴിവാക്കാൻ കർശന നടപടികളിലേക്ക് നീങ്ങാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
പ്രാദേശിക ജാഗ്രതാസമിതികൾ ആളുകളെ നിരീക്ഷിക്കും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ കാര്യങ്ങൾ ഏകോപിപ്പിക്കും. കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പണം പ്രശ്നമാവില്ല. പദ്ധതിവിഹിതം ഇതിനായി വിനിയോഗിക്കാം.
പുറത്തു നിന്ന് വരുന്നവരിൽ ചിലരെങ്കിലും എവിടേക്ക് പോകുന്നെന്ന് സർക്കാരിന് കണ്ടെത്താനാവുന്നില്ല. ഇങ്ങനെയുള്ളവരെ കണ്ടെത്താനും വരുന്നവർ ഹോം ക്വാറന്റൈനിലാണെന്ന് ഉറപ്പാക്കാനും പ്രാദേശിക ജാഗ്രതാ സമിതികൾക്കും നാട്ടുകാർക്കും മാത്രമേ സാധിക്കൂ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച കാട്ടില്ല.
റെഡ്സോൺ ജില്ലകളിൽ നിന്ന് പാസ് പോലുമില്ലാതെ ആളുകളെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പാസില്ലാതെ വന്നയാൾക്ക് രോഗം സ്ഥിരീകരിച്ചു. ഇതെല്ലാം കർശനമായി നിരീക്ഷിച്ചില്ലെങ്കിൽ സമൂഹവ്യാപനത്തിനിടയാക്കും. എം.എൽ.എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും നേതൃത്വം നൽകുന്ന താഴെത്തട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടേ ഇത് നേരിടാനാവൂ.
പ്രതിസന്ധി ഘട്ടത്തിൽ നാട്ടിലെത്താനാവാത്ത ചിലരുടെ പ്രയാസങ്ങൾ മുതലെടുത്ത് സർക്കാർ വിരുദ്ധവികാരം വളർത്താനാണ് പ്രതിപക്ഷ എം.പിമാരടക്കം ശ്രമിക്കുന്നതെന്ന വിമർശനവുമുണ്ടായി.
മലപ്പുറത്ത് രണ്ട് പ്രവാസികൾക്ക് കൊവിഡ്
മലപ്പുറം: ഗൾഫിൽ നിന്നെത്തിയ രണ്ടു പ്രവാസികൾക്ക് കൂടി മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. മേയ് ഏഴിന് അബുദാബിയിൽ നിന്ന് കൊച്ചി വഴിയെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശിയായ 50കാരനും ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ തവനൂർ മാണൂർ നടക്കാവ് സ്വദേശിയായ 64കാരനുമാണ് രോഗബാധയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. അബുദാബി മദീന സെയ്ദിൽ തയ്യൽ തൊഴിലാളിയാണ് പുറങ്ങ് സ്വദേശി. അജ്മാനിൽ താമസിക്കുന്ന മാണൂർ നടക്കാവ് സ്വദേശി ഷാർജയിൽ കരാർ തൊഴിലാളിയാണ്. ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.