വിതുര : കൊവിഡ് കാലത്ത് പ്രവാസികൾക്ക് കരുതലൊരുക്കാൻ കെ.എസ്.ശബരീനാഥൻ എം.എൽ.എ. അരുവിക്കര നിയോജകമണ്ഡലത്തിലെ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് മടക്ക യാത്രയ്ക്ക് ടിക്കറ്റ് എടുത്തു നൽകിയാണ് എം.എൽ.എ സഹായഹസ്തം എത്തിച്ചത്. ഇതിന്റെ ഭാഗമായി തൊളിക്കോട് സ്വദേശിയായ സജാദിന് എം.എൽ.എ ആദ്യ ടിക്കറ്റിനുള്ള സഹായമെത്തിച്ചു. അരുവിക്കരയിലെ പത്തോളം പേർക്കാണ് ടിക്കറ്റ് എടുത്തു നൽകിയത്. സജാദ് വിദേശത്ത് എത്തി ഒന്നരം മാസം കഴിഞ്ഞപ്പോൾ വാഹനാപകടത്തിൽ ഇരു കാലുകൾക്കും ഒടിവ് സംഭവിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മടക്ക യാത്രയ്ക്കുള്ള ആദ്യ ടിക്കറ്റ് സജാദിന് നൽകാൻ തീരുമാനിച്ചതെന്ന് എം.എൽ.എ അറിയിച്ചു. പരസഹായം ഇല്ലാതെ നടക്കാൻ ബുദ്ധിമുട്ടിയ സജാദിന് അടൂർ പ്രകാശ് എം.പിയുടെ ഇടപെടലിൽ ഖത്തർ ഇൻകാസിന്റെ നേതൃത്വത്തിൽ മരുന്നടക്കമുള്ള സഹായവും വിദേശത്തു ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ ദോഹയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സജാദ് ഇപ്പോൾ തൊളിക്കോട്ടുള്ള വീട്ടിൽ വിശ്രമത്തിലാണ്.