തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് സി.പി.ഐ ജില്ലാ കൗൺസിൽ നടപ്പിലാക്കിയ അടുക്കളയ്ക്ക് ഒരു പിടി ചീര കൃഷിയുടെ ജില്ലാതല വിതരണോദ്ഘാടനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു നിർവഹിച്ചു. എം.എൻ സ്മാരകത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ഇ.ചന്ദ്രശേഖരൻ, സി.ദിവാകരൻ എം.എൽ.എ, ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ, മാങ്കോട് രാധാകൃഷ്ണൻ, മീനാങ്കൽ കുമാർ, പി.കെ.രാജു എന്നിവർ പങ്കെടുത്തു. ജില്ലയിൽ പതിനായിരം കേന്ദ്രങ്ങളിൽ കഴിഞ്ഞമാസം 12 ന് ആരംഭിച്ച ചീര കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. വിളവെടുത്ത ചീര വഴുതക്കാട്, തമ്പാനൂർ വാർഡുകളിലെ എല്ലാ വീടുകളിലുമായി വിതരണം ചെയ്യാനായി കൗൺസിലർമാരെ ഏൽപ്പിച്ചു. എല്ലാ മണ്ഡലങ്ങളിലും കൃഷിചെയ്തിട്ടുള്ള ചീരയുടെ വിളവെടുപ്പ് നടക്കുമ്പോൾ അതത് മേഖലയിലെ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ പറഞ്ഞു.