ആറ്റിങ്ങൽ:മംഗലപുരം പഞ്ചായത്തിലെ 20 വാർഡുകളിൽ വിതരണം ചെയ്യാൻ തോന്നയ്ക്കൽ സായി ഗ്രാമം നൽകിയ ഭക്ഷാധാന്യ കിറ്റുകളിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സായി ഗ്രാമം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയ 2050 ഭക്ഷ്യധാന്യ കിറ്റുകൾ പഞ്ചായത്തിലെത്തിക്കാതെയും സ്റ്റോക്ക്‌ രജിസ്റ്ററിൽ രേഖപ്പെടുത്താതെയുമാണ് തിരിമറി.മംഗലപുരം പൊലീസ് സായി ഗ്രാമവുമായി ബന്ധപ്പെട്ടപ്പോൾ കിറ്റുകൾ പഞ്ചായത്തിന് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.എസ്. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധം മംഗലപുരം മണ്ഡലം പ്രസിഡന്റ് എസ് ഹാഷിം ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എച്ച്.പി.ഷാജി,​ചെമ്പക മംഗലം മണ്ഡലം പ്രസിഡന്റ് ജി.ഗോപകുമാർ,ഇടവിളാകം ഷംനാദ്,​എസ്.പി മുനീർ,മുല്ലശ്ശേരി രാജേഷ്,അഹമ്മദാലി,വേണുഗോപാലൻ നായർ,അജികുമാർ, ജൂലിയറ്റ് പോൾ,എസ്.ആർ കവിത,ഉദയകുമാരി,മുംതാസ്,അമൃത എന്നിവ‌ർ പങ്കെടുത്തു.