തിരുവനന്തപുരം: വൈദ്യുതി ബിൽ കണക്കാക്കിയതിലെ പിഴവ് കാരണം സാധാരണ ഉപഭോക്താക്കൾക്ക് സബ്സിഡി നഷ്ടപ്പെടുത്തില്ലെന്ന് മന്ത്രി എം.എം.മണിയും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ളയും അറിയിച്ചു.
30, 60 ദിവസങ്ങൾ കണക്കാക്കിയാണ് വൈദ്യുത ഉപഭോഗത്തിന്റെ റീഡിംഗ് എടുക്കുന്നത്. ലോക്ക് ഡൗൺ കാരണം ദിവസങ്ങളുടെ എണ്ണം കൂടുതലായപ്പോൾ റീഡിംഗ് കൂടുകയും ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ സ്ലാബ് മാറി, കൂടുതൽ തുകയുടെ ബില്ല് പലർക്കും ലഭിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ഇന്നലെ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് മന്ത്രി എം.എം.മണിയുടെ ഇടപെടലുണ്ടായത്.
സബ്സിഡി നഷ്ടം ഉൾപ്പെടെ വൈദ്യുതി ബില്ല് സംബന്ധമായ പരാതികൾ പരിഹരിക്കാൻ മന്ത്രിയുടെ നിർദേശാനുസരണം എല്ലാ സെക്‌ഷൻ ഓഫീസിലും സംവിധാനമൊരുക്കി. ഓഫീസിലെ അസി. എൻജിനിയർക്കും സീനിയർ സൂപ്രണ്ടിനുമാണ് ചുമതല. ബില്ലടയ്ക്കാത്തവർ ബില്ലുമായി എത്തിയാൽ യഥാർത്ഥ ബില്ല് തയ്യാറാക്കി നൽകും. അടച്ചവർ രസീതും ബില്ലുമായി എത്തിയാൽ കൂടുതലായി അടച്ച തുക അടുത്ത മാസത്തെ ബില്ലിൽ കുറവ് ചെയ്യും. ഗാർഹികേതര എൽ.ടി ഉപഭോക്താക്കൾ ഇത്തവണ ബിൽ തുകയുടെ 70% അടച്ചാൽ മതി. ചൂടുകാലമായതും ലോക്ക് ഡൗണും കാരണം എല്ലവരും വീടുകളിൽ ചെലവഴിച്ചതിനാലാണ് ഇത്തവണത്തെ വൈദ്യുതി ബില്ല് കൂടിയതെന്നും മന്ത്രി വിശദീകരിച്ചു.
''റീഡിംഗിലെ പിഴവ് കാരണം ബില്ല് കൂടിയവർ ആശങ്കപ്പെടേണ്ട. സെക്ഷൻ ഓഫീസിൽ പരാതി പരിഹരിച്ചില്ലെങ്കിൽ എന്നെ അറിയിച്ചാൽ മതി''
- എൻ.എസ്.പിള്ള,
ചെയർമാൻ, കെ.എസ്.ഇ.ബി