തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കായുള്ള പാക്കേജിന്റെ നേട്ടം കേരളത്തിനും ലഭിക്കും. വൻകിട ഫാക്ടറികൾ കുറവായ കേരളത്തിൽ വ്യാപകമായുള്ളതും അനേകം തൊഴിലവസരങ്ങൾ നൽകുന്നതും സൂക്ഷ്മ , ചെറുകിട ,ഇടത്തരം വ്യവസായങ്ങളാണ്. വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1.38 ലക്ഷം സൂക്ഷ്മ, ചെറുകിട , ഇടത്തരം വ്യവസായങ്ങളാണുള്ളത്. ഇവയിലൂടെ ആകെ എട്ട് ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുന്നുണ്ട്. പട്ടികജാതി , പട്ടികവർഗക്കാർ ,സ്ത്രീകൾ എന്നിവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഈ മേഖല തൊഴിലവസരം നൽകുന്നുണ്ട്. 2017-18ൽ 15,468 യൂണിറ്രുകളും 2018-19ൽ 13,826 യൂണിറ്റുകളുമാണ് കേരളത്തിൽ പുതുതായി ആരംഭിച്ചത്. ഇവ രണ്ടുംകൂടി 2571 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 1,00,318 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.കേന്ദ്ര സർക്കാരിന്റെ ഉദ്യോഗ് ആധാറിൽ ഉല്പാദന മേഖലയിൽ 56,019 യൂണിറ്രുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സേവന മേഖലയിൽ 40,465 യൂണിറ്രുകളും രജിസ്റ്രർ ചെയ്തിട്ടുണ്ട്. കാർഷിക ഭക്ഷ്യാധിഷ്ഠിതം, തുണിത്തരങ്ങൾ,ജനറൽ എൻജിനീയറിംഗ് ,സേവന പ്രവൃത്തികൾ , തടി ഉല്പന്നങ്ങൾ ,പ്രിന്റിംഗ്, പേപ്പർ, ഐ.ടി തുടങ്ങി നിരവധി മേഖലകളിൽ ചെറുകിട വ്യവസായ യൂണിറ്രുകൾ പ്രവർത്തിക്കുന്നുണ്ട്.സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്രിയുടെ കണക്കുകൾ പ്രകാരം 2018 വരെ കേരളത്തിൽ ചെറുകിട വ്യവസായ യൂണിറ്രുകൾക്ക് അനുവദിച്ച വായ്പയിൽ 2,86,783 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ എം.എസ്.എം.ഇകളുടെ എണ്ണത്തിൽ 3.75 ശതമാനം കേരളത്തിലാണ്. 23.79ലക്ഷം ചെറുകിട വ്യവസായ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. കൃഷി, വൻകിട വ്യവസായം ഒഴികെയുള്ള എല്ലാ സംരംഭങ്ങളെയും കേന്ദ്രം ഈ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. എന്നാൽ വ്യാപാര സംരംഭങ്ങളെ കേരളം ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായമേഖലയിൽ പെടുത്തിയിട്ടില്ല.