തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനം സമയബന്ധിതമായി നടത്തിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ പകർച്ചവ്യാധി ദുരന്തമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. ഭരണപ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും ഒരുമിച്ച് കൈകോർക്കുന്നത് കൊണ്ടാണ് കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനം തടയാനും മരണ നിരക്ക് കുറയ്ക്കാനും കഴിയുന്നത്. എന്നാൽ, സർക്കാർ നേരിട്ട് നടത്തേണ്ട മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടപ്പിലാക്കാൻ വൈകുന്നതുകൊണ്ട് പകർച്ചവ്യാധി വ്യാപനം കേരളത്തിൽ വലിയ ആരോഗ്യ പ്രശ്നമായി മാറുകയാണ്. 19400 വാർഡുകൾക്ക് മഴക്കാല പൂർവ ശുചീകരണത്തിന് വാർഡൊന്നിന് 25,​000 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഇതിൽ 10,000 രൂപ വീതം ദേശീയ ആരോഗ്യ ദൗത്യവും, ശുചിത്വ മിഷനും 5000 രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നൽകുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നൽകേണ്ട തുക ഇതുവരെ കൈമാറിയിട്ടില്ല. രണ്ട് ദിവസം മുമ്പ് മാത്രമാണ് തുക നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേരളം പനിക്കിടക്കയിൽ നിന്ന് മരണക്കിടക്കയിലേക്ക് മാറാതിരിക്കാൻ സർക്കാർ ഉണർന്നുപ്രവർത്തിക്കുകയും ആരോഗ്യ പ്രവർത്തകരുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തുകയും മാലിന്യനിർമാർജന പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും അടിയന്തരമായി പൂർത്തീകരിക്കുകയും ചെയ്യണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു.