കൊവിഡ് മഹാമാരിയിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയും എല്ലാ വിഭാഗം ജനങ്ങളും തകർന്നുകൊണ്ടിരിക്കെ രക്ഷാ പാക്കേജ് എവിടെയെന്നായിരുന്നു മുറവിളി. വൈകിയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ്, രാജ്യത്തെ ഇപ്പോഴത്തെ ദീനാവസ്ഥയിൽ നിന്ന് നല്ലൊരളവിൽ കരകയറ്റാൻ പര്യാപ്തമാകുമെന്ന് കരുതാം. അൻപതു ദിവസമായി തീർത്തും നിശ്ചലമായിപ്പോയ ഉത്പാദന മേഖലകളെ പെട്ടെന്നൊരു ദിവസം കൊണ്ട് ഉണർത്തി പഴയ നിലയിലെത്തിക്കാനാവില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ നാനാമേഖലകളിലുമുള്ള ജനവിഭാഗങ്ങളുടെ പക്കൽ പണമെത്തുകയും അത് ശരിയായ വിധം വിനിയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ സാമ്പത്തിക രംഗമാകെ ഉണരുമെന്നതു തീർച്ചയാണ്.
നടപ്പു വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനത്തിനു തുല്യമായ തുകയാണ് ഉത്തേജന പാക്കേജായി പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം ദേശീയ വരുമാനത്തിന്റെ പത്തു ശതമാനം വരും ഇത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരത്തിലാെരു ബൃഹത്തായ സാമ്പത്തിക പാക്കേജ് അങ്ങേയറ്റം ഗുണകരമാകുമെന്നതിൽ സംശയമില്ല. കൃഷിക്കാർ, തൊഴിലാളികൾ, ഇടത്തരക്കാർ, ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ, സാധാരണക്കാർ തുടങ്ങി സർവ ആളുകളിലും സാമ്പത്തിക പാക്കേജിന്റെ ഗുണഫലം എത്തിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതു ശരിവച്ചുകൊണ്ടുള്ളതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ വൈകിട്ട് പുറത്തുവിട്ട പാക്കേജിന്റെ വിശദാംശങ്ങൾ.
കൊവിഡിന് എതിരായ പോരാട്ടം സ്വാശ്രയത്വത്തിലേക്കുള്ള വലിയ പോരാട്ടം കൂടിയായാണ് പ്രധാനമന്ത്രി കാണുന്നത്. രാജ്യത്തെ പ്രബല സാമ്പത്തിക ശക്തിയായി മാറ്റുകയെന്ന സ്വപ്നം സഫലമാക്കുന്നതിന് മഹാമാരി വിലങ്ങുതടിയായിക്കൂടാ എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. പ്രധാനമായും അഞ്ചു ശിലകൾക്കു മേലാകും സമ്പൂർണ സ്വാശ്രയത്വത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണം. സമ്പദ് വ്യവസ്ഥ കുതിച്ചുയരണമെങ്കിൽ നാനാമേഖലകളിലും കൂടുതൽ നിക്ഷേപമെത്തണം. അടിസ്ഥാന വികസന മേഖലയുടെ വളർച്ച ഇതിൽ ഏറെ പ്രധാനമാണ്. മനുഷ്യശേഷിയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് വിഭവശേഷികൂടിയുണ്ടെങ്കിൽ ദ്രുതപുരോഗതി ഉറപ്പാക്കാനാകും.
ചെറുകിട - ഇടത്തരം വ്യവസായങ്ങളും വാണിജ്യ - വ്യാപാര മേഖലകളും ലോക്ക് ഡൗണിൽ പാടേ തകർന്ന നിലയിലാണ്. ഈ മേഖലകളിൽ പണിയെടുക്കുന്ന ദശലക്ഷക്കണക്കിനു പേർ തൊഴിൽരഹിതരായിട്ടുണ്ട്. കോടിക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളാണ് കൊവിഡ് സൃഷ്ടിച്ച ഉത്പാദനസ്തംഭനത്തിന്റെ ഏറ്റവും വലിയ ഇരകൾ. അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളുടെ പുനരധിവാസം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. ലോക്ക് ഡൗണിന്റെ ആഘാതം കുറയ്ക്കാനും സാമ്പത്തിക മേഖലകളെ ഉണർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടിയുടെ കൊവിഡ് പാക്കേജ്.
പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ പല ഘട്ടമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട ധനമന്ത്രി കുറെ കാര്യങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമായും വ്യവസായ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികളാണ് അവ. ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപയുടെ ബൃഹത്തായ വായ്പാ പദ്ധതിയാണ് മുഖ്യം. ഈടില്ലാത്തതായിരിക്കും ഇത്. രാജ്യത്തെ നാല്പത്തഞ്ചു ലക്ഷം വ്യവസായ യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. നാലു വർഷത്തെ കാലാവധിയുള്ള വായ്പയ്ക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാനാകും. ചെറുകിട വ്യവസായ മേഖലയ്ക് കരുത്തു പകരാൻ വായ്പാ തിരിച്ചടവിന് ഒരു വർഷത്തെ മോറട്ടോറിയവും നൽകും.
തകർച്ച നേരിടുന്ന ചെറുകിട വ്യവസായങ്ങൾക്കു മാത്രം ഇരുപതിനായിരം കോടി രൂപയുടെ വായ്പയാണ് ലഭ്യമാക്കുന്നത്. ചെറുകിട - സൂക്ഷ്മ വ്യവസായങ്ങളുടെ നിർവചനവും പരിഷ്കരിക്കുന്നതിലൂടെ ഇതുവരെ ലഭ്യമല്ലാതിരുന്ന ചില ആനുകൂല്യങ്ങൾ അവയ്ക്കു ലഭിക്കും. മറ്റൊരു സുപ്രധാന തീരുമാനം സ്വദേശി വ്യവസായ യൂണിറ്റുകൾക്ക് ടെൻഡർ നടപടികളിൽ പങ്കെടുക്കാനുള്ള മത്സരക്ഷമത ഉറപ്പാക്കുന്നതാണ്. 200 കോടി രൂപ വരെ മുടക്കുള്ള പദ്ധതികൾക്കായി ചെറുകിട, ഇടത്തരം യൂണിറ്റുകൾക്കും ഇനി ടെൻഡർ സമർപ്പിക്കാവുന്നതാണ്. ചെറുകിട വ്യവസായങ്ങളിലുള്ള നിക്ഷേപ പരിധിയിലും മാറ്റം വരുത്തുന്നുണ്ട്. നിർമ്മാണ - സേവനമേഖലകളുടെ ഏകീകരണം സംബന്ധിച്ച ധനമന്ത്രിയുടെ പ്രഖ്യാപനമാണ് മറ്റൊരു സവിശേഷത.
പ്രോവിഡന്റ് ഫണ്ട് വിഹിതം സംബന്ധിച്ച് ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യം മൂന്നുമാസം കൂടി നീട്ടാൻ ധനമന്ത്രി തയ്യാറായത് തൊഴിലുടമകൾക്കും ജീവനക്കാർക്കും ഒരുപോലെ നേട്ടമാകും. തൊഴിലാളി വിഹിതം പന്ത്രണ്ടിൽ നിന്ന് പത്തു ശതമാനമായാണ് കുറവു ചെയ്യുന്നത്. എന്നാൽ കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇത് തുടർന്നും 12 ശതമാനം തന്നെയാകും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പണലഭ്യത വർദ്ധിപ്പിക്കാൻ 30000 കോടി രൂപയുടെ വായ്പ ലഭ്യമാക്കാനുള്ള തീരുമാനം പരോക്ഷമായി വിപണിയിൽ പണ ലഭ്യത കൂട്ടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുമുണ്ട് ചെറിയ ആനുകൂല്യങ്ങൾ. പദ്ധതികൾ പൂർത്തിയാക്കാൻ ആറുമാസം കൂടി അനുവദിക്കും. ഊർജ വിതരണ കമ്പനികൾക്ക് നഷ്ടം നികത്താനായി 90000 കോടിയുടെ സഹായം നൽകുന്നുണ്ട്. റെയിൽ, റോഡ് നിർമ്മാണ കരാറുകളും ആറുമാസത്തേക്ക് ദീർഘിപ്പിക്കുക വഴി കരാറുകാർക്ക് ആശ്വാസം ലഭിക്കും.
കൊവിഡിനെത്തുടർന്ന് തൊഴിൽ രഹിതരായ കോടിക്കണക്കിനു തൊഴിലാളികളെ മുന്നിൽക്കണ്ടു കൊണ്ടുള്ളതാണ് ധനമന്ത്രി പ്രഖ്യാപിച്ച തീരുമാനങ്ങളിൽ പലതും. ഉത്പാദന മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിലൂടെയാണ് സാമ്പത്തികരംഗം സജീവമാകേണ്ടത്. നഷ്ടമായ തൊഴിൽ തിരിച്ചുപിടിക്കാൻ പൂട്ടിക്കിടക്കുന്ന ഒാരോ വ്യവസായ യൂണിറ്റും സജ്ജമാകേണ്ടതുണ്ട്. ഇടത്തരം ചെറുകിട, സൂക്ഷ്മവ്യവസായ യൂണിറ്റുകൾ പൂർവാധികം ഉഷാറായാലേ വ്യവസായ മേഖല പുഷ്ടിപ്പെടുകയുള്ളൂ. അടുത്ത ഘട്ടത്തിൽ മറ്റു പ്രധാന മേഖലകളെ സ്പർശിച്ചുകൊണ്ടുള്ളതാകും ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്ന് പ്രതീക്ഷിക്കാം. എല്ലാം പുറത്തുവരുമ്പോഴെ കൊവിഡ് പാക്കേജ് രാജ്യത്തിന് എത്രമാത്രം ഉപകാരപ്പെടുമെന്ന് പറയാനാകൂ. ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്കു നീട്ടുമെന്ന് സൂചന വന്നിരിക്കെ അതിനു നടുവിൽ നിന്നു വേണം സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാൻ. വളരെയധികം കരുതലും ത്യാഗവും സഹിക്കണമെന്നു ചുരുക്കം.