തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള തിരക്ക് കുറയ്ക്കുന്നതിന് സ്‌മാർട്ട് ഫോൺ ആപ്പ് തയ്യാറാക്കുന്നതിനുള്ള കമ്പനിയെ ഇന്ന് തിരഞ്ഞെടുക്കും. 29 കമ്പനികൾ അപേക്ഷിച്ചതിൽ നിന്ന് അഞ്ചെണ്ണത്തിനെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി. ഇവയുടെ പ്രതിനിധികളുമായി ഐ.ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി ഇന്ന് ചർച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും.
ആപ്പ് വരുന്നതോടെ മദ്യം വാങ്ങുന്നതിന് വെർച്വൽ ക്യൂ ഏർപ്പെടുത്തും. മദ്യം വാങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും അപേക്ഷിച്ചിരിക്കണം. മുൻകൂട്ടി ടോക്കൺ എടുത്ത് അതിൽ പറയുന്ന സമയത്ത് മദ്യം വാങ്ങണം. എല്ലാ ഔട്ട്‌ലെറ്റുകളുടെയും വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തും. അടുത്തുള്ള വിൽപ്പനകേന്ദ്രം ഉപഭോക്താവിന് തിരഞ്ഞെടുക്കാം.