തിരുവനന്തപുരം:ഡൽഹിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ മുഖേന നാളെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചതായി കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്നും യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചെന്നും കളക്ടർ പറ‍‍ഞ്ഞു. ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് 700 യാത്രക്കാർ വരെ എത്തിയേക്കും. ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ യാത്രാ അനുമതിക്കുള്ള പാസിനായി കൊവിഡ് 19 ജാഗ്രത പോർട്ടലിൽ കൂടി അപേക്ഷ നൽകണം. അപേക്ഷിച്ചാൽ പെട്ടെന്ന് തന്നെ പാസ് ലഭ്യമാക്കാനുള്ള ക്രമീകരണമുണ്ടെന്നും ജില്ലാകളക്ടർ പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ അഞ്ചു മണിയോടെയാണ് 02342 നമ്പർ പ്രത്യേക തീവണ്ടി തിരുവനന്തപുരം സെൻട്രലിൽ എത്തുക. അന്നേദിവസം വൈകുന്നേരം 7.40 ഓടെ ന്യൂഡൽഹിയിലേക്ക് (നമ്പർ 02431) മടക്കയാത്രയുണ്ടാകും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മീറ്റിംഗ് റൂമിൽ ചേർന്ന യോഗത്തിൽ ഡിസിപി കറുപ്പുസ്വാമി, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, എഡിഎം ആർ.വി. വിനോദ്, റെയിൽവേ സ്റ്റേഷൻ മാനേജർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.