തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലകപ്പെട്ട സാമ്പത്തിക മേഖലയ്ക്ക് ഉണർവും ഊർജ്ജവും നൽകുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

പ്രതിസന്ധിയിൽ നിന്ന് രാജ്യം വളരെ വേഗത്തിൽ കരകയറുമെന്ന പ്രതീക്ഷ യാഥാർത്ഥ്യമാവുകയാണ്. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്ക് വലിയ ഉത്തേജനം പാക്കേജ് നൽകുന്നു. കേരളത്തിലെ കശുഅണ്ടി, കയർ, കൈത്തറി മേഖലയ്ക്ക് ഉയർത്തെഴുന്നേൽപ്പിനുള്ള അവസരമാണിത്.

ചെറുകിട, ഇടത്തരം മേഖലയിൽ 200 കോടി വരെയുള്ള പദ്ധതികൾക്ക് ആഗോള ടെൻഡറുകൾ വിലക്കിയ തീരുമാനം വിപ്ലവകരമാണ്. പി.എഫിലേക്കുള്ള ജീവനക്കാരന്റെ വിഹിതം പന്ത്രണ്ടിൽ നിന്ന് 10 ശതമാനമാക്കിയത് സാധാരണക്കാരന്റെ ധനലഭ്യത വർധിപ്പിക്കും. മാന്ദ്യത്തിൽപ്പെട്ട റിയൽ എസ്റ്റേറ്റ് മേഖലയുടെ ഉയർത്തെഴുന്നേൽപ്പ് പാക്കേജിലൂടെ സാധ്യമാവുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു..