1

പോത്തൻകോട്: വില്പനയിൽ കുതിച്ചുചാട്ടം പ്രതീക്ഷിച്ചിരുന്ന ചെറുകിട വ്യവസായ മേഖലയ്‌ക്ക് കനത്ത തിരിച്ചടിയാണ് കൊവിഡ് ലോക്ക് ഡൗൺ സമ്മാനിച്ചത്. ചെറുകിട,​ ഇടത്തരം വ്യവസായങ്ങളെയും തൊഴിലാളികളെയും ലോക്ക് ഡൗൺ പൂർണമായും വലയ്‌ക്കുകയായിരുന്നു. പലതും ആരംഭിച്ച് ചെറിയ ലാഭവുമായി മുന്നേറുമ്പോഴായിരുന്നു കഴിഞ്ഞ രണ്ട് പ്രളയങ്ങളും ഈ വർഷത്തെ ലോക്ക് ഡൗണും തിരിച്ചടിയായത്. സംസ്ഥാനത്ത് ഏകദേശം 1,​75,​000 സൂക്ഷ്മ,ചെറുകിട, ഇടത്തരം വ്യവസായങ്ങളാണുള്ളത്. അതിൽ തന്നെ നല്ലൊരു വിഭാഗം സ്റ്റാർട്ടപ്പുകളും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളുമാണ്. കയറ്റുമതിയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന വ്യവസായങ്ങൾ പലതും നാശത്തിന്റെ വക്കിലാണ്. ലോക്ക് ഡൗണിൽ സർക്കാർ അനുമതിക്ക് ശേഷം ഈ മേഖലയിൽ വ്യവസായങ്ങൾ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. യന്ത്രങ്ങളുടെ പരിപാലനവും വൃത്തിയാക്കലും കേടുപാടുകൾ തീർക്കലുമായി നല്ലൊരു തുക കണ്ടെത്തിയാലേ പലതും തുറക്കാൻ കഴിയൂ എന്നതാണ് അവസ്ഥ. നേരത്തെയെടുത്ത ലോണുകളുടെ തിരിച്ചടവും വാടക, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലടയ്ക്കലും മുടങ്ങിയിരിക്കുകയാണ്. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും പ്രവർത്തനത്തിന് തിരിച്ചടിയായി.

വീണ്ടും പ്രതീക്ഷയോടെ

------------------------------------------------

ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ വേളിയിലെയും മൺവിളയിലെയും വ്യവസായ എസ്റ്റേറ്റുകൾ കൂടാതെ മേനംകുളത്തെ കിൻഫ്ര അപ്പാരൽ പാർക്കിൽ 1ഉം കിൻഫ്ര ഫിലിം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 1ഉം സിഡ്‌കോ (പാപ്പനംകോട് ) 1ഉം വിവിധയിടങ്ങളിലായി 10ഓളം മിനി വ്യവസായ പാർക്കുകളും പ്രവർത്തിക്കുന്നുണ്ട്. പ്രളയത്തിനുശേഷം മേഖലയിലെ പ്രതിസന്ധിയിൽ പിടിച്ചുനിന്ന ചെറുകിട വ്യവസായങ്ങൾ കൊവിഡ് ലോക്ക് ഡൗണിലൂടെ അടച്ചുപൂട്ടൽ ഭീഷണിയിലായി. ഉത്പാദനം കുറഞ്ഞതും കയറ്റുമതി സാദ്ധ്യതകൾ നിലച്ചതുമാണ് പ്രവർത്തനം പ്രതിസന്ധിയിലാകാൻ കാരണം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പാക്കേജുകളിലാണ് ഇവരുടെ പ്രതീക്ഷ.

 തിരുവനന്തപുരം ജില്ലയിൽ ഉത്പാദന സേവന

മേഖലയിൽ 12,265 വ്യവസായ യൂണിറ്റുകൾ.
 ആകെ തൊഴിലാളികൾ 55,400
 ജില്ലയിൽ ആകെ 15 വ്യവസായ എസ്റ്റേറ്റുകൾ

പ്രതിസന്ധിക്ക് കാരണം

---------------------------------------

 തൊഴിലാളികളുടെ എണ്ണം കുറവ്

 ഉത്പാദനം കുത്തനെ കുറഞ്ഞു

 അസംസ്‌കൃത വസ്‌തുക്കൾ കുറവ്

 കയറ്റുമതിക്ക് വേറെ മാർഗങ്ങളില്ല

 വരുമാനം പൂർണമായും നിലച്ചു

പ്രതികരണം

------------------------------

സർക്കാർ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്ത് വ്യവസായം, വ്യവസായ പാർക്കുകളിൽ വ്യവസായം നടത്തുന്നവർ എന്നിവർക്ക് കുറഞ്ഞത് ഒരു വർഷത്തെ വാടക ഒഴിവാക്കിക്കൊടുക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പാക്കേജിന്റെ ഭാഗമായി അധിക ലോണുകൾ നൽകുകയോ നിലവിലുള്ള ലോണുകൾക്ക് പലിശ സബ്സിഡി നൽകുകയോ ചെയ്‌താൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ.

അനിൽകുമാർ, ആരോ പി.വി.സി പൈപ്പ്

നിർമ്മാണ കമ്പനി എം.ഡി, ജില്ലാ വൈസ് പ്രസിഡന്റ്,

ചെറുകിട വ്യവസായ അസോസിയേഷൻ