തിരുവനന്തപുരം: ന്യൂ‌ഡൽഹിയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള കൊവിഡ് കാലത്തെ ആദ്യ ട്രെയിൻ 1490 യാത്രക്കാരുമായി ഇന്ന് കോഴിക്കോട്ടെത്തും.

രാജധാനി നിരക്കിലോടുന്ന സൂപ്പർ ഫാസ്റ്റ് സ്‌പെഷൽ ട്രെയിൻ ഇന്നലെയാണ് യാത്ര ആരംഭിച്ചത്.ആകെ 8 സ്റ്റോപ്പുകൾ മാത്രമുള്ള ട്രെയിൻ കേരളത്തിലെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് ഇന്നു രാത്രി 9.52ന് എത്തും. നാളെ പുലർച്ചെ 1.40ന് എറണാകുളം സൗത്ത് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിലും രാവിലെ 5.25നു തിരുവനന്തപുരം സെൻട്രലിലും എത്തിച്ചേരും. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി 1100ൽ കൂടുതൽ യാത്രക്കാരുണ്ട്.

യാത്രക്കാരോടു കഴിയുന്നത്ര ഭക്ഷണം സ്വന്തമായി കരുതണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുപ്പിവെള്ളവും പായ്ക്ക് ചെയ്ത ലഘുഭക്ഷണവും മാത്രമാണ് പാൻട്രി കാറില്ലാത്ത ട്രെയിനിൽ വിതരണം ചെയ്യുന്നത്.

ഇവിടെ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കും. . വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണമില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം. ഹോം ക്വാറന്റൈൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്കു മാറ്റും. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കു വിധേയരാക്കി ആവശ്യമെങ്കിൽ ആംബുലൻസിൽ ചികിത്സകേന്ദ്രത്തിലേക്കു കൊണ്ടുപോകും.
റെയിൽവേ സ്റ്റേഷനിൽ നിന്നു വീടുകളിലേക്കു യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും.ഇത്തരം വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കണം. ഡ്രൈവർ ഹോം ക്വാറന്റൈൻ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പോകേണ്ടിവരും.

കോഴിക്കോട്ടും

എറണാകുളത്തും

നിന്ന്കയറാം

ഇന്ന് രാത്രി കോഴിക്കോട്ടെത്തുന്ന ട്രെയിനിൽ യാത്രക്കാർക്ക് തിരുവനന്തപുരത്തേക്കോ എറണാകുളത്തേക്കോ ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്ത് യാത്ര ചെയ്യാം. എറണാകുളം ജംഗ്ഷനിൽ നിന്നും സീറ്റിന്റെ ലഭ്യതയനുസരിച്ച് യാത്ര ചെയ്യാമെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. മാനദണ്ഡങ്ങൾ: കൺഫേംഡ് ടിക്കറ്റുള്ളവർക്കു മാത്രമാണു സ്റ്റേഷനലേക്കു പ്രവേശനം. യാത്രയിലുടനീളം മാസ്‌ക് ധരിക്കണം. സാനിറ്റൈസറും കരുതണം. രോഗലക്ഷണങ്ങളില്ലാത്തവർക്കു മാത്രമാണു യാത്രയ്ക്ക് അനുവാദം. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തണം. എന്നാൽ, 4 മണിക്കൂർ മുൻപ് എത്തണമെന്നാണു സംസ്ഥാന സർക്കാരിന്റെ നിർദേശം. . മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ് ഇൻസ്റ്റാൾ ചെയ്യണം. കോച്ചുകളിൽ വെറുതെ കറങ്ങി നടക്കാൻ പാടില്ല. വാതിൽ ഹാൻഡിലുകളിലും മറ്റും അനാവശ്യമായി തൊടരുത് . കോച്ചുകളിൽ സാധനങ്ങൾ വലിച്ചെറിയരുത്. ഇടനാഴികളിലും വാതിലിലൂടെയും ജനലിലൂടെയും തുപ്പരുത്. വാതിലിനു സമീപം നിന്നു യാത്ര ചെയ്യരുത്.