വയനാട്: വയനാട്ടിൽ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് എസ്.പി സ്വയം നിരീക്ഷണത്തിലായി. സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ എസ്.പിയും ഉള്ളതിനെ തുടർന്നാണ് നടപടി. എന്നാൽ ഔദ്യോഗിക സമ്പർക്ക പട്ടിക തയാറായിട്ടില്ല. മുൻകരുതലെന്നോണമാണ് നടപടി. ജില്ലയിൽ ജോലിയെടുത്ത 50 പൊലീസുകാരാണ് ആകെ നിരീക്ഷണത്തിലേക്ക് മാറിയത്. ഡി.വൈ.എസ്.പിയുടെ അടക്കം സാമ്പിൾ ഫലം ഇന്ന് വരും.
പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പി.പി.ഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവർത്തകനും മാത്രമാണ് സ്റ്റേഷനിൽ ഉണ്ടാവുക. സ്റ്റേഷൻ സമ്പൂർണമായി അണുവിമുക്തമാക്കും. പരാതികൾ നൽകാൻ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയിൽ വഴിയും പരാതി നല്കാവുന്നതാണ്. അഡീഷണൽ എസ്.പിക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.
അതേസമയം ഒരു ഘട്ടത്തിൽ ഗ്രീൻ സോണായിരുന്ന വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയർന്നു. ഇയാളില്‍ നിന്നും രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാർക്കാണ് രോഗം പിടിപ്പെട്ടത്.