train-

ന്യൂഡല്‍ഹി: മെയ് 17-ന് ശേഷം ശതാബ്ദി, മെയില്‍, എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തിരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രമായിരിക്കും ട്രെയിന്‍ സര്‍വീസ്.

മെയ് 22 മുതല്‍ ഉള്ള യാത്രകള്‍ക്ക് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിച്ച് തുടങ്ങുമെന്നാണ് വിവരം. തേര്‍ഡ് എ.സിയില്‍ 100 വരെയും സെക്കന്‍ഡ് എസിയില്‍ 50 വരെയും സ്ലീപ്പര്‍ ക്ലാസില്‍ 200 വരെയും ചെയര്‍കാര്‍ ടിക്കറ്റില്‍ 100 വരെയും ഫസ്റ്റ് എ.സിയില്‍ 20 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാകും നല്‍കുകയെന്നാണ് വിവരം.

സാമൂഹിക അകലം ഉറപ്പാക്കുന്നതിനാൽ ആര്‍..എ.സി ടിക്കറ്റ്‌ അനുവദിക്കില്ല. മെയ് പതിനഞ്ച് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ മാറ്റങ്ങള്‍. എന്നാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വേയില്‍ നിന്ന് ഉത്തരവുകളൊന്നും വന്നിട്ടില്ല. തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പൊതുജനങ്ങള്‍ക്കായി കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു.

വെയിറ്റിംഗ് ലിസ്റ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും പരിമിതമായ റിസര്‍വേഷന്‍ മാത്രമായിരിക്കും ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുക. കണ്‍ഫേം ടിക്കറ്റ് ഇല്ലാതെ ആരെയും ട്രെയിനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാരന് മടക്കിനല്‍കും. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് യാത്ര റദ്ദുചെയ്യുന്നവര്‍ക്കും ടിക്കറ്റ് തുക മുഴുവന്‍ മടക്കിനല്‍കും.