ന്യൂഡൽഹി: ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമായി വ്യത്യസ്ത വാഹനാപകടങ്ങളിൽ 14 കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലേക്ക് പോവുകയായിരുന്ന ട്രക്ക് തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച് മദ്ധ്യപ്രദേശിൽ എട്ട് തൊഴിലാളികളാണ് മരിച്ചത്. ഉത്തർപ്രദേശിൽ കാൽനടയായി പോവുകയായിരുന്ന തൊഴിലാളികളെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ ആറ് തെഴിലാളികളാണ് മരിച്ചത്. ബീഹാറിൽ നിന്ന് പഞ്ചാബിലേക്ക് പോവുകയായിരുന്നു തൊഴിലാളികൾ.
ഉത്തർപ്രദേശിൽ മുസാഫർനഗറിലാണ് ബസ് ഇടിച്ച് ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചത്. മുസാഫര്‍നഗര്‍-സഹരാന്‍പുര്‍ സംസ്ഥാനപാതയിലായിരുന്നു സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്ന് കാല്‍നടയായി ബിഹാറിലേക്ക് പോയ കുടിയേറ്റതൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. മുസാഫര്‍നഗര്‍-സഹ്രന്‍പുര്‍ ഹൈവേയില്‍ ഘലൗലി ചെക്ക്പോസ്റ്റിന് സമീപം വച്ചായിരുന്നു അപകടം.
മദ്ധ്യപ്രദേശില്‍ ബസും കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും കൂട്ടിയിടിച്ചാണ് 8പേര്‍ മരിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റു. ഗുണയില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.
രാജ്യത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് കാല്‍നടയായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ മരിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ആഴ്ച റെയില്‍പാളത്തിലൂടെ നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന മടങ്ങിയ 16 കുടിയേറ്റ തൊഴിലാളികള്‍ ചരക്കുതീവണ്ടിയിടിച്ച് മരിച്ചിരുന്നു. ഇതോടെ ലോക്ക് ഡൗൺ കാലത്ത് വിവിധ അപകടങ്ങളിൽ മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 78 ആയി ഉയർന്നു.