തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് ഡൽഹിക്കുമുള്ള രാജധാനി എക്സ് പ്രസിൽ കേരളത്തിനകത്ത് യാത്രാവിലക്ക്. ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയിൽ കേരളത്തിനകത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്റ്റേഷനുകളിലേക്കുള്ള യാത്രയ്ക്ക് ബുക്ക് ചെയ്തിരുന്നവരുടെ ടിക്കറ്റുകൾ റെയിൽവേ റദ്ദാക്കി.
അന്തർ ജില്ലായാത്രയ്ക്ക് ജില്ലാ പൊലീസ് മേധാവിമാരുടെയോ കളക്ടർമാരുടെയോ പാസ് നിബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ട്രെയിൻമാർഗം അന്തർജില്ലാ യാത്ര അനുവദിക്കുന്നത് കേന്ദ്രമാർഗനിർദേശങ്ങൾക്ക് വിരുദ്ധമാകുമെന്ന കാരണത്താലാണ് കൊച്ചി, കോഴിക്കോട് ബുക്കിംഗുകൾ റദ്ദാക്കിയത്. ഒരുഡസനോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ന്യൂഡൽഹി–തിരുവനന്തപുരം ട്രെയിനിൽ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ബുക്കിംഗുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് നാളെ വൈകുന്നേരം ന്യൂഡൽഹിക്ക് പുറപ്പെടുന്ന ട്രെയിനിൽ ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി, ഡൽഹി എന്നിവിടങ്ങളിലേക്കായി 350 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. സ്പെഷ്യൽ ട്രെയിനുകളുടെ ഓട്ടവുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാർഗനിർദേശം പുറത്തിറക്കി.
അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും വെവ്വേറെ വഴികൾ യാത്രക്കാർക്കായി ഒരുക്കും. തിരുവനന്തപുരത്തെ പ്ലാറ്റ്ഫോം നമ്പർ 2ഉം 3 ഉം ആണ് സ്പെഷ്യൽ ട്രെയിനുകൾക്കായി മാറ്റി വച്ചിരിക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമുകളിൽ യാത്രക്കാരുടെ പരിശോധനയ്ക്കായുള്ള കൗണ്ടറുകൾ പ്രവർത്തിക്കും. എറണാകുളത്ത് 5ഉം തിരുവനന്തപുരത്ത് 8 ഉം കൗണ്ടറുകളാണുള്ളത്.മെഡിക്കൽ ഓഫീസറുടെ സേവനവും സ്റ്റേഷനുകളിലുണ്ടാകും.പ്രവേശന കവാടത്തിൽ ഓട്ടമാറ്റിക് സാനിറ്റൈസറുകളും ഉണ്ടാകും. കോച്ച് പൊസിഷൻ അനുസരിച്ചായിരിക്കും യാത്രക്കാരെ പ്ലാറ്റ്ഫോമിൽ നിർത്തുക.