കണ്ണൂർ: കണ്ണൂർ തയ്യിലിൽ സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ കുറ്റപത്രം ഉടനെന്ന് പൊലീസ്. ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്ചക്കകം കുറ്റപത്രം നൽകുമെന്ന് കണ്ണൂർ ഡി.വൈ.എസ്.പി പറഞ്ഞു. പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി ശരണ്യയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലർച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടൽക്കരയിലേക്ക് കൊണ്ടുപോയത്. രണ്ട് തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മൂന്നുമാസം ആകുമ്പോഴാണ് കേസിൽ പൊലീസ് കുറ്റപത്രം നൽകുന്നത്.
ശരണ്യയെ ചോദ്യം ചെയ്യുന്നതിനിടെ 17 തവണ കാമുകൻ നിധിൻ ഫോൺ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. കൂടുതൽ സാഹചര്യ തെളിവുകൾ നിരത്തിയതോടെ പിടിച്ചുനിൽക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിൽ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്‍റെ അംശമുണ്ടായിരുന്നുവെന്നാണ് ഫോറൻസിക് പരിശോധന ഫലം. കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ ദഹിക്കാത്ത പാലിന്‍റെ അംശം, കടൽഭിത്തിക്കരികിൽ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടർച്ചായായുണ്ടായ കാമുകന്‍റെ ഫോൺ വിളികൾ എന്നിവ കേസിൽ വഴിത്തിരിവായി.
കൃത്യത്തിന്‍റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകൻ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരിൽ ലക്ഷങ്ങൾ ലോണെടുക്കാൻ നിതിൻ ശ്രമിച്ചിരുന്നു. ഇതിനായി ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡുൾപ്പെടെയുള്ള രേഖകൾ ശരണ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തി. ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ഇത് ഭർത്താവിനെ കാണിക്കുമെന്ന് നിതിൻ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നുണ്ട്.