pic

തിരുവനന്തപുരംഃ വയനാട് മാനന്തവാടിയിൽ ഡി വൈ.എസ്.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുൾപ്പെടെ രണ്ട് പൊലീസുകാർക്ക് കൊവിഡ് ബാധിക്കുകയും ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോകാൻ ഇടയാകുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കാൻ നി‌ർദേശം. പൊലീസുകാർ ഡ്യൂട്ടിയ്ക്കിടെ മാസ്കും അത്യാവശ്യഘട്ടത്തിൽ കൈയ്യുറയും നിർബന്ധമായും ധരിക്കണമെന്നും വാഹനത്തിലും സ്റ്റേഷനിലും ഹാന്റ് സാനിട്ടൈസർ കരുതണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട കരുതലും ജാഗ്രതയും സംബന്ധിച്ച മുമ്പ് നൽകിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉറപ്പാക്കണം. പരാതിക്കാരുൾപ്പെടെ അനാവശ്യമായി പൊലീസ് സ്റ്റേഷനുകളിൽ പൊതുജനങ്ങൾ കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. പരാതികൾ സ്വീകരിക്കാനും പാസ് നൽകാനും പരമാവധി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. പൊതുജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കാനോ പൊലീസ് സഹായം അഭ്യർത്ഥിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ മൊബൈൽ ഫോൺ , വാട്ട്സ് അപ്, ഇ.മെയിൽ സംവിധാനങ്ങൾ വഴി പൊലീസ് ഓഫീസർമാരെ ബന്ധപ്പെടാം. പരാതികളിൽ സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും ഫോൺ വഴിയോ വാട്ട്സ് അപ് സന്ദേശമായോ പരാതിക്കാരെ അറിയിക്കണം.അടിയന്തിര സാഹചര്യങ്ങളിൽ ജില്ല വിട്ട് പോകേണ്ടതുപോലുള്ള ആവശ്യങ്ങൾക്ക് മാത്രമേ പാസിനും മറ്റുമായി പൊതുജനങ്ങൾ നേരിട്ട് പൊലീസിനെ സമീപിക്കാവൂ. ഇത്തരത്തിലെത്തുന്നവരെയും സ്റ്റേഷൻ കെട്ടിടത്തിനുള്ളിലേക്ക് കടക്കാൻ അനുവദിക്കരുത്. സ്റ്റേഷന് മുമ്പിലെ റിസപ്ഷനിൽ സാമൂഹ്യ അകലം പാലിച്ച് ഇവർക്കാവശ്യമായ സേവനം നൽകാൻ എസ്.എച്ച്.ഒമാർ ശ്രദ്ധിക്കണം.

കൊവിഡ് നിയന്ത്രണങ്ങളുമായി ആരോഗ്യപ്രവർത്തക‌ർക്കൊപ്പം പുറത്ത് ഡ്യൂട്ടിക്ക് പോകുന്നവരും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണചുമതല വഹിക്കുന്നവരും രോഗം സംശയിക്കുന്നവരും അല്ലാത്തവരുമായി സാമൂഹ്യ അകലം പാലിച്ചേ ഇടപെടാവൂ. മാസ്കും കൈയ്യുറയും നി‌ർബന്ധമായും ധരിച്ചിരിക്കണം. രേഖകൾ പരിശോധിക്കുന്നതിനോ മറ്റ് കാര്യങ്ങൾക്കോ നേരിട്ട് സമ്പർക്കം വരാത്ത വിധം രേഖകളുടെ ഫോട്ടോകൾ വാട്ട്സ് അപ് വഴി ഫോണിൽ ഷെയർ ചെയ്ത് വാങ്ങി പരിശോധിക്കുന്നത് ശീലമാക്കണം. അതിതീവ്രമേഖലകളിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവർ വ്യക്തി ശുചിത്വം പാലിക്കാനും കുടുംബാംഗങ്ങളുമായി പരമാവധി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കാനും ശ്രമിക്കണം.