kerala

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക്ഡൗൺ 17ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് എന്തൊക്കെ ഇളവുകൾ ഉണ്ടാവുമെന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ. നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ തുടരാനാണ് സാദ്ധ്യതയെങ്കിലും കേരളത്തിലടക്കം ചില ഇളവുകൾ ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്.

പ്രത്യേകിച്ച് പൊതുഗതാഗതം ഉൾപ്പടെയുള്ള കാര്യങ്ങളിൽ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി വരുന്ന സാഹചര്യത്തിൽ എന്തൊക്കെ ഇളവുകളാകും അനുവദിക്കുക എന്നതാണ് ശ്രദ്ധേയം. രോഗം പടരാതെ കരുതലോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന കേരളത്തിൽ പെട്ടെന്ന് സ്ഥിതിഗതികൾ മാറി മറിഞ്ഞിരിക്കുന്നത് ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിനുള്ളിൽ ട്രെയിൻ ഓടിക്കരുതെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇത് മാനിച്ച് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്നു ഡൽഹിയിലേക്കും ഏർപ്പെടുത്തിയിട്ടുളള പ്രത്യേക ട്രെയിനിൽ കേരളത്തിനകത്ത് യാത്ര അനുവദിക്കില്ല. കേരളത്തിനുള്ളിൽ ട്രെയിൻ യാത്ര അനുവദിച്ചാൽ ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്ന് സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിച്ചിരുന്നു. ഇതോടെ കേരളത്തിനുള്ളിൽ ട്രെയിൻ ഓടിക്കാനുള്ള സാദ്ധ്യത മങ്ങിയിരിക്കുകയാണ്.

പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനഃരാരംഭിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജില്ലകൾക്കകത്ത് ബസ് സർവീസ് ആരംഭിക്കാൻ അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ 50 ശതമാനം യാത്രക്കാരേ പാടുള്ളൂ. അതിന് പ്രൈവറ്റ് ബസ് ഉടമകൾ തയ്യാറല്ല. നഷ്ടം നികത്താൻ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്നും അതിനെപ്പറ്റിയൊക്കെ കൂടുതൽ ചർച്ച വേണ്ടിവരുമെന്നുമാണ് മന്ത്രി പറയുന്നത്.

ലോക്ക്ഡൗൺ കാലത്ത് ബസ് ചാർജ് വർദ്ധിപ്പിക്കുക എന്നത് സർക്കാരിന് പേരുദോഷമാകുമെന്ന വിലയിരുത്തലുണ്ട്. മദ്യത്തിന് വിലകൂട്ടിയതുപാേലെ ബസ് ചാർജും കൂട്ടുന്നത് ആശ്വാസ്യകരമായിരിക്കില്ല എന്ന വിലയിരുത്തലാണ്. മാത്രവുമല്ല, ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിരക്ക് കൂട്ടിയാൽ പിന്നെ അത് കുറയ്ക്കാനുമാകില്ല. ഇതെല്ലാം മുന്നിൽ കണ്ടേ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് അറിയുന്നത്.

അമ്പത് ശതമാനം യാത്രക്കാരെ പാടുള്ളൂവെന്ന നിബന്ധന വച്ച് ബസുകൾ ഓടിച്ചാൽ ഒരു സീറ്റിൽ ഒരാൾ എന്ന കണക്കിലായിരിക്കണം ബസ് ഓടിക്കേണ്ടത്. വിദേശങ്ങളിൽ കുടുങ്ങിയവരെ കൊണ്ടുവരാൻ എയർ ഇന്ത്യ എക്സ് പ്രസ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ടെങ്കിലും സ്ഥിരം സർവീസുകളെപ്പറ്റി തീരുമാനമൊന്നുമായിട്ടില്ല. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനെപ്പറ്റിയും തീരുമാനമില്ല. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ എയർ ഇന്ത്യയ്ക്കും മറ്റ് വിമാന കമ്പനികൾക്കും സർവീസ് തുടങ്ങാനാവുകയുള്ളൂ. അതിന് കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനമുണ്ടാകണം. അതുവരെ കാത്തിരിക്കണം.