raman

തിരുവനന്തപുരം: മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹത്തിന് മുന്നിൽ രാമൻനായർക്ക് സ്ഥലപരിമിതികൾ തടസമായില്ല. മുറ്റത്തും പറമ്പിലും കൃഷിചെയ്യാൻ ഇടമില്ലാതായപ്പോൾ ചെടിച്ചട്ടികളിൽ മണ്ണും വളവും നിറച്ച് ടെറസിൽ നടത്തിയ നെൽകൃഷിയിൽ ഇന്ത്യൻ കോഫീഹൗസ് ജീവനക്കാരനായിരുന്ന ശ്രീകാര്യം ശാന്തിനഗർ എസ്ആർഎ–- 442 അശ്വതിഭവനിൽ ജി. രാമൻനായർക്ക് നൂറുമേനി വിളവ്. പോണ്ടിച്ചേരിയിലും നെയ്‌വേലിയിലും ജോലി ചെയ്യുമ്പോൾ അവിടത്തെ നെൽക്കൃഷിയാണ് രാമൻനായരെ ആകർഷിച്ചത്. അന്നുമുതലാണ്‌ നാട്ടിൽ നെൽകൃഷി ചെയ്യണമെന്ന മോഹമുണ്ടായത്. സ്വന്തമായി എട്ടു സെന്റും വീടുമാണുള്ളത്‌. പറമ്പിൽ മറ്റു കൃഷികൾ ആരംഭിച്ചപ്പോൾ നെൽകൃഷിയോടുള്ള മോഹം വളർന്നുകൊണ്ടേയിരുന്നു. തന്റെ വീടിന്റെ ടെറസാണ്‌ തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന നെൽകൃഷി ചെയ്യാൻ തിരഞ്ഞെടുത്തത്‌.

തമിഴ്‌നാട്ടിൽ നിന്നുകൊണ്ടുവന്ന പൊന്നി നെൽവിത്ത്‌ പരീക്ഷണാർത്ഥം പൂച്ചട്ടികളിൽ മണ്ണും ചാണകവും ചേർത്ത മിശ്രിതം നിറച്ച്‌ നട്ടുനോക്കി. ആദ്യ വിളവെടുപ്പ്‌ വിജയമായതോടെ കൂടുതൽ ചെടിച്ചട്ടികളിൽ നെൽവിത്ത് നട്ടു. ഭാര്യ വനജ രാമന്റെയും റസിഡൻസ്‌ അസോസിയേഷന്റെയും പിന്തുണയും ലഭിച്ചു. തമിഴ്‌നാട്ടിൽനിന്നു കൊണ്ടുവന്ന ‘പൊന്നി’ നെൽവിത്ത്‌ പാകിയപ്പോൾ രാമൻനായർക്ക്‌ ആദ്യം കിട്ടിയ വിളവ്‌ അഞ്ചുകിലോ അരി. ഓരോ വർഷവും വിളവ്‌ വർദ്ധിച്ചപ്പോൾ ആവേശമായി. കഴിഞ്ഞ വിളവെടുപ്പിനു ലഭിച്ചത്‌ 28 കിലോ അരി. ഇപ്പോൾ സ്വന്തമായി വിളയിച്ച അരി ഉപയോഗിച്ചാണ്‌ ഓണസദ്യവരെ കഴിക്കുന്നത്‌. ഇന്ത്യൻ കോഫീ ഹൗസിൽനിന്നു വിരമിച്ചശേഷം കൃഷിയിലേക്ക് തിരിയുകയായിരുന്നു. കൊവിഡ്‌ പ്രതിസന്ധികൾ മറികടക്കാൻ എല്ലാവരും കൃഷിയിലേക്ക്‌ തിരിയണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ യുവതലമുറ ഏറ്റെടുക്കണമെന്നാണ്‌ രാമൻനായരുടെ ഉപദേശം. കൃഷിവകുപ്പിന്റേതടക്കം പല ബഹുമതികളും രാമൻനായർക്ക് ലഭിച്ചിട്ടുണ്ട്.