valayare

തിരുവനന്തപുരം: വാളയാറിൽ സമരത്തിന് പോയ യു.ഡി.എഫ് എം.പിമാരും, എം.എൽ.എമാരും നിരീക്ഷണത്തിൽ പോകണമെന്ന നിർദേശവുമായി പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ്. വാളയാർ വഴി പാസില്ലാതെ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് 12ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതും ഇയാൾ ഉണ്ടായിരുന്ന സമയത്ത് വാളയാർ അതിർത്തിയിൽ ഉണ്ടായിരുന്ന ജനപ്രതിനിധികൾ പൊലീസുകാർ, പൊതുപ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണ് മെഡിക്കൽബോർഡ് ആവശ്യപ്പെടുന്നത്.

രമ്യാ ഹരിദാസ്, ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്‌ടൻ, അനിൽ അക്കര, ഷാഫി പറമ്പിൽ തുടങ്ങി ജനപ്രതിനിധികൾക്കാണ് നിരീക്ഷണത്തിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡി എം ഒ യുടെ നേതൃത്വത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം.

അതേസമയം, ഒരു ജനപ്രതിനിധിയും ആരോ​ഗ്യവകുപ്പ് നി‍ർദേശങ്ങൾ ലംഘിക്കരുതെന്നും കൊവിഡ് ആ‍ർക്കും പിടിപ്പെടാമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവ‍ർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോ​ഗ്യവകുപ്പിൻ്റെ നി‍ർദേശങ്ങളെല്ലാം എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വാളയാറിൽ യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ പ്രതിഷേധത്തെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

എം.പിക്കും എം.എൽ.എക്കും കൊവിഡ് വരില്ലെന്ന് ആരും ചിന്തിക്കരുത്. ആർക്കും കൊവിഡ് പിടിപെടാം. നല്ല നാളേക്ക് വേണ്ടി എല്ലാവരും ചിന്തിക്കണം. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാ​ഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തർക്കത്തിനില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പരിശോധരീതികൾ ആരും തെറ്റിക്കരുത്. ജനവസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വയ്ക്കൽ അല്ല. മദ്യ ഉപയോഗം അനിനിയന്ത്രിതമാണെന്നും അതിനെ നിയന്ത്രിക്കാനാണ് വി‍ർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.