ന്യൂഡൽഹി: കൊവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മ പ്രതിസന്ധി നേരിടാൻ പുതിയ മാർഗവുമായി സൈന്യം. യുവാക്കൾക്ക് സൈന്യത്തിൽ ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണ് സൈന്യം കേന്ദ്രത്തിനുമുന്നിൽ വച്ചത്. ടൂർ ഒഫ് ഡ്യൂട്ടി എന്നാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഇതിലൂടെ സൈന്യത്തിൽ ഉണ്ടാവുന്ന ഒഴിവുകൾ നികത്താൻ സാധിക്കുന്നതിനൊപ്പം അതുമൂലമുണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാനാകുമെന്നുമാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.
സൈനിക സേവനം ഒരു പ്രൊഫഷനായി ആഗ്രഹിക്കാത്തവരും എന്നാൽ സൈനിക ജീവിതത്തിന്റെ സാഹസികതയും അനുഭവങ്ങളും അതിന്റെ ത്രില്ലും ആഗ്രഹിക്കുന്ന യുവാക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. എന്നാൽ ഇത് ഒരിക്കലും നിർബന്ധ സൈനിക സേവനമല്ല. യുവാക്കളിൽ രാജ്യസ്‌നേഹവും ദേശീയ ബോധവും വളർത്താൻ പദ്ധതി ഉപകരിക്കുമെന്നും സൈന്യം പറയുന്നു.
മൂന്നുവർഷത്തെ കാലയളവിൽ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം. മൂന്നുവർഷത്തിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നവർ, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകൾക്ക് ശ്രമിക്കുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും സൈന്യം ആവശ്യപ്പെടുന്നു. അതേസമയം കേന്ദ്ര- സംസ്ഥാന സർക്കാർ ജോലികൾക്ക് ടൂർ ഒഫ് ഡ്യൂട്ടി നിർബന്ധമാക്കാൻ പാടില്ലെന്നും സൈന്യം ആവശ്യപ്പെടുന്നു.
മൂന്നുവർഷത്തെ ടൂർ ഒഫ് ഡ്യൂട്ടി ആകുമ്പോൾ ചെലവ് 80 മുതൽ 85 ലക്ഷം വരെ മാത്രമേ ആകുകയുള്ളൂ എന്നാണ് സൈന്യം പറയുന്നത്. എന്നാൽ അഞ്ചുകോടി മുതൽ 6.8 കോടി രൂപവരെയാണ് ഒരു സൈനികനുവേണ്ടി രാജ്യം ഇക്കാലയളവിൽ ചെലവഴിക്കുന്നത്. പരീക്ഷണമെന്ന നിലയിൽ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തിൽ നിയമനം നടത്താമെന്നും വിജയകരമെന്ന് കണ്ടാൽ കൂടുതൽ വിപുലമാക്കാമെന്നുമാണ് നിർദേശം.