തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം നിന്നുപോയ കെ.പി.സി.സി ഭാരവാഹി ചർച്ചയ്ക്ക് വീണ്ടും ജീവൻ വച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് പി.സി.സി സെക്രട്ടറിമാരുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും നിയമിക്കാൻ നീക്കം സജീവമാക്കിയത്. പട്ടിക സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ തമ്മിൽ ധാരണയായി.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ ഇന്ദിരഭവനിൽ നടത്തിയ ചർച്ചയിലാണ് നേതാക്കൾ ധാരണയിലെത്തിയത്. 56 സെക്രട്ടറിമാരും, 40 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിക്കാനാണ് നേതാക്കളുടെ ഒടുവിലത്തെ തീരുമാനം. എ,ഐ ഗ്രൂപ്പുകൾ 25 സെക്രട്ടറി സ്ഥാനം വീതം വീതിച്ചെടുക്കും. മുല്ലപ്പള്ളി, വി.എം സുധീരൻ, പി.സി ചാക്കോ, കെ.വി തോമസ് തുടങ്ങിയ നേതാക്കളുടെ നോമിനികൾ ആറിൽ ഒതുങ്ങും.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തമ്പാനൂർ രവിയെ നിയമിക്കണമെന്നാണ് ചർച്ചയിൽ ഉമ്മൻചാണ്ടി ആദ്യം വച്ച നിർദേശം. എന്നാൽ തമ്പാനൂർ രവിയ്ക്ക് സംഘടനചുമതല നൽകാനാകില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളിയും ഐ ഗ്രൂപ്പും. എ.പി അനിൽകുമാറിന് സംഘടനചുമതല നൽകണമെന്ന പിടിവാശിയിലാണ് മുല്ലപ്പള്ളി. കാലാകാലങ്ങളായി എ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എല്ലാവർക്കും പൊതു സ്വീകാര്യനായ പി.സി വിഷ്‌ണുനാഥ് വരട്ടെയെന്നാണ് എ ഗ്രൂപ്പ് ഒടുവിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാൽ മുല്ലപ്പള്ളി എ ഗ്രൂപ്പ് നിർദേശത്തിന് ചെവി കൊടുത്തിട്ടില്ല. അതേസമയം വിഷ്‌ണുനാഥിന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം നൽകാൻ സമ്മർദം ശക്തമാക്കുമെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.
സംഘടന ചുമതലകൾ ജനറൽ സെക്രട്ടറിമാർക്ക് വീതിച്ച് നൽകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മുല്ലപ്പള്ളി ചർച്ച നടത്താതെ സംഘടന ചുമതലകൾ വിഭജിച്ചതിൽ നേതാക്കൾ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പിൻവലിച്ച പട്ടിക നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷം മാത്രമെ പുറത്തിറക്കൂവെന്ന് മുല്ലപ്പള്ളി ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അറിയിച്ചു.