തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ അഞ്ച് വിമാനങ്ങൾ ഈയാഴ്ച തിരുവനന്തപുരത്തെത്താനിരിക്കെ ക്വാറന്റൈൻ കേന്ദ്രങ്ങൾ കുറ്റമറ്റതാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി. ആദ്യഘട്ടത്തിൽ മാർ ഇവാനിയോസ് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ശുചിമുറിയുടേതുൾപ്പെടെ ചില പോരായ്മകൾ പരാതികളായതിന്റെ പശ്ചാത്തലത്തിൽ രണ്ടാം ഘട്ട ക്വാറന്റൈന് തിരഞ്ഞെടുത്ത കെട്ടിടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്താൻ നഗരസഭ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, റവന്യൂ,സാമൂഹ്യനീതി വകുപ്പ് , പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. നഗരത്തിലും സമീപത്തെ ആറ് താലൂക്കുകളിലുമായി 15,000ത്തോളം പേരെ പാർപ്പിക്കാനുളള കെട്ടിടങ്ങളായിരുന്നു കണ്ടെത്തിയിരുന്നത്.
അയൽസംസ്ഥാനങ്ങളിലെ തീവ്രബാധിത മേഖലകളിൽ നിന്ന് ഉൾപ്പെടെ കൂടുതൽ മലയാളികൾ എത്തിച്ചേരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ക്വാറന്റൈൻ സൗകര്യങ്ങൾ സജ്ജമാക്കേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ ആയിരത്തോളം വിദേശമലയാളികളെയാണ് പ്രതീക്ഷിക്കുന്നത്. ഇവരിൽ ക്വാറന്റൈൻ സൗകര്യം ആവശ്യമുളളവർക്കുള്ള കെട്ടിടങ്ങൾ നിലവിൽ സജ്ജമാണ്. ഓരോ കെട്ടിടത്തിലും ഒരുമുറിയിൽ ഒരാളെ വീതം ക്വാറന്റൈനിലാക്കാനും പ്രത്യേകം ശുചിമുറി സൗകര്യം ഉറപ്പാക്കാനുമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഹോം ക്വാറന്റൈൻ നിർദേശിക്കപ്പെടുന്നവരിൽ വീടുകളിൽ ശുചിമുറിയില്ലാത്തതുൾപ്പെടെ അസൗകര്യങ്ങൾ നേരിടുന്നവർക്കും സർക്കാർ ക്വാറന്റൈൻ വേണ്ടിവരും.
ഇതിന്റെ കണക്കെടുപ്പും ക്രമീകരണങ്ങളും വിലയിരുത്താനും വിമാനത്താവളത്തിലെത്തുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ബസ്, ആംബുലൻസ് , ടാക്സി ക്രമീകരണങ്ങൾ സജ്ജീകരിക്കാനുമുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്നത്.
ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആദ്യഘട്ടത്തിലേതുപോലെ ഭക്ഷണവും വ്യക്തിഗത ഉപയോഗത്തിനുള്ള സോപ്പ് , ചീപ്പ്,ബെഡ് ഷീറ്റ് തുടങ്ങിയ അത്യാവശ്യസാധനങ്ങൾ ലഭ്യമാക്കാൻ നഗരസഭയുടെ നേതൃത്വത്തിലും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
രണ്ടാംഘട്ടത്തിൽ വിദേശത്തുനിന്ന് 31 വിമാനങ്ങളാണ് കേരളത്തിലെത്തുക. ഈമാസം 25 വരെയുള്ള രണ്ടാം ഘട്ടത്തിൽ 17ന് മസ്‌ക്കറ്റ്(വൈകിട്ട് 6.35), 18ന് അബുദാബി (വൈകിട്ട് 7.20), 20ന് കുവൈറ്റ് (രാത്രി 9.25), 22ന് ബഹ്‌റിൻ (രാത്രി 8.55), 23ന് ദുബൈ (വൈകിട്ട് 7.25) വിമാനങ്ങളാണ് എത്തുക. ആദ്യഘട്ടത്തിൽ ഒരുവിമാനമാണ് തിരുവനന്തപുരത്ത് എത്തിയത്.
ഖത്തറിലെ ദോഹയിൽനിന്ന് 181 യാത്രക്കാരുമായി ബുധനാഴ്‌ച എത്തിയ വിമാനത്തിലെ യാത്രക്കാരെല്ലാം വീടുകളിലും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലാണ്.