തിരുവനന്തപുരം: തുമ്പ വിക്രം സാരാഭായി സ്പേയ്സ് സെന്ററിലെ കൂറ്റൻ ട്രൈസോണിക് വിൻഡ് ടണലുമായുള്ള ട്രെയിലർ തലസ്ഥാന നഗരിയിലേക്ക് എത്തുന്നു. ദേശീയ പാതയ്ക്ക് കുറുകെയുള്ള ഇലക്ട്രിക്ക് ലൈനുകളും കേബിളുകളും അഴിച്ചുനീക്കിയും മരക്കൊമ്പുകൾ മുറിച്ചുമാറ്റിയും പൊലീസ് പൈലറ്റോടെയാണ് പടുകൂറ്റൻ ടണലിന്റെ വരവ്. കഴിഞ്ഞ മാസം 11നാണ് സാഗർ 251 എന്ന ബാർജിലാണ് ടണൽ കൊല്ലം തുറമുഖത്തെത്തിയത്. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് തുമ്പയിലെ റോറോ ജട്ടിയിൽ ഉപകരണങ്ങൾ ഇറക്കുന്നതിന് പകരം ഇത് കൊല്ലം തുറമുഖത്ത് ഇറക്കിയത്.
ഉപകരണങ്ങൾ കൊണ്ടുപോകാൻ ട്രെയിലർ വന്നെങ്കിലും എൻജിനീയറിംഗ് വകുപ്പിന്റെ അനുമതിയോടെ തുറമുഖത്തെ ഗേറ്റും ഫെൻസിംഗും പൊളിച്ചുനീക്കി ട്രെയിലർ അകത്തെത്തിച്ച് ക്രെയിനുപയോഗിച്ചാണ് ടണൽ ട്രെയിലറിലേക്ക് മാറ്റിയത്. വൈദ്യുതി വകുപ്പിന്റെ നിർദേശപ്രകാരം ഇന്നലെ കൊല്ലത്ത് നിന്ന് യാത്ര ആരംഭിച്ച ലോറികൾ ഇന്ന് ഉച്ചയോടെയാണ് നഗരകവാടമായ കഴക്കൂട്ടത്തെത്തിയത്.
ലോറികൾ പോകുന്ന വഴിയിൽ വൈദ്യുതി ലൈൻ വിച്ഛേദിച്ചും, വയറുകൾ ഉയർത്തിയും കൊടുക്കേണ്ട ചുമതല കെ.എസ്.ഇ.ബി ക്കാണ്. അതിനാൽ പകൽ സമയം മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. തുമ്പയിൽ കൂറ്റൻ ടണൽ ഇറക്കിയശേഷം വെള്ളിയാഴ്ച വീണ്ടും കൊല്ലത്തെത്തുന്ന ട്രെയിലർ ശനിയാഴ്ച രാവിലെ അടുത്ത ലോഡുമായി പോകും.
ഉപകരണങ്ങൾ എല്ലാം കൊണ്ടുപോയശേഷം കരാർ കമ്പനി തന്നെ പഴയ രീതിയിൽ ഗേറ്റും ഫെൻസിംഗും നിർമ്മിച്ച് നൽകും. ആറ് ഉപകരണങ്ങൾ കൊണ്ടുപോകാൻ ട്രെയിലർ ലോറികൾ മൂന്നുതവണ കൊല്ലത്തുവന്ന് പോകണം. ഇതിനായി കുറഞ്ഞത് 14 ദിവസം എടുക്കും. ലോക്ക് ഡൗൺ ആയതിനാൽ നിരത്തിൽ വാഹനത്തിരക്കില്ലാത്തത് ഗതാഗത തടസവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായകമായി.