ddd

നെയ്യാറ്റിൻകര: കപ്പ, മലയാളിയുടെ ഇഷ്ട വിഭവം. കപ്പകൊണ്ടുള്ള നിരവധി വിഭവങ്ങൾ തീൻ മേശകളിൽ ദിനം ഇടംപിടിച്ചിരുന്ന നാളുകൾ മലയാളികൾക്ക് പരിചിതം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ഫാസ്റ്റായ ജീവിതശൈലിയും വന്നതോടെ കപ്പക്ക് തീൻ മേശകളിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. ഒരു കാലത്ത് കേരളത്തിലെ ഭക്ഷ്യക്ഷാമം പോലും പിടിച്ചു നിർത്തിയതിൽ കപ്പയ്ക്ക് വലിയ സ്ഥാനമുണ്ട്. തട്ടുകടകളിൽ മുതൽ ഫൈവ്സ്​റ്റാർ ഹോട്ടലുകളുടെ മെനുവിൽ വരെ കപ്പ പിന്നീട് സ്ഥാനം പിടിച്ചെടുത്തിരുന്നു.

എന്നാൽ കൊറോണക്കാലം വരുകയും ഭക്ഷ്യ ധാന്യങ്ങൾ ആവശ്യത്തിന് കടകളിൽപോലും കിട്ടാതെ വരുകയും ചെയ്യുന്ന കാലം വരുമെന്ന ആശങ്കയിൽ താലൂക്കിൽ മിക്കയിടത്തും സ്വയം പര്യാപ്ത കൃഷികൾ ആരംഭിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് കപ്പ കൃഷി. പ്രധാനമായും രണ്ട് സീസണുകളിലാണ് കേരളത്തിൽ കപ്പ കൃഷി ചെയ്യുന്നത്. വേനലിന്റെ അവസാനത്തിൽ മേയ് അവസാനം ലഭിക്കുന്ന പുതുമഴയോടെ അദ്യത്തെ സീസൺ ആരംഭിക്കും. പ്രധാനമായും പറമ്പുകളിലും വെള്ളം കെട്ടിക്കിടക്കാത്ത വയലുകളിലും കപ്പ കൃഷി ചെയ്തു തുടങ്ങും. രണ്ടാമത്തെ കപ്പ കൃഷിയുടെ ആരംഭം കാലവർഷം കഴിയുന്നതോടെയാണ്. തുലാമാസത്തോടെ രണ്ടാമത്തെ സീസണിലെ കപ്പ കൃഷി ആരംഭിക്കാം. മണ്ണിന്റെ ഊർപ്പവും ജലത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് വയൽ പ്രദേശങ്ങളിലാണ് ഈ സമയം കൃഷി ചെയ്യുക. അറുമാസം കൊണ്ട് വിളവെടുക്കുന്ന ഇനങ്ങളാണ് നടുക. ഒക്‌​റ്റോബർ അവസാനത്തോടെ നടുന്ന കപ്പ എപ്രിൽ മാസത്തോടെ വിളവ് എടുക്കാം.

 കപ്പയും ആരോഹ്യവും

ഉരുളക്കിഴങ്ങ് പോലെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാർബോഹൈഡ്രേറ്റ് തുടങ്ങിയവയുടെ കലവറയാണ് കപ്പ. എങ്കിലും, കപ്പകഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്. പഴമക്കാർക്ക് കപ്പ നിത്യോപയോഗ സാധനമാണെങ്കിലും കപ്പയിലെ 'കട്ട്" മുഴുവൻ കളഞ്ഞാണ് ഇവർ ഉപയോഗിച്ചിരുന്നത്. കട്ട് കളയാൻ ഒന്നിലധികം തവണ കപ്പ വേവിച്ച് ഊറ്റും. പച്ചയ്ക്കോ വേവിച്ചോ കഴിക്കാറില്ല. എന്നാൽ ഇപ്പോഴത്തെ പാചക രീതിയിൽ വ്യത്യാസം വന്നതോടെ പല അസുഖങ്ങൾക്കും ഇത് വഴിവയ്ക്കുന്നുണ്ട്. ഉഷ്ണമേഖല പ്രദേശങ്ങളിൽ കപ്പയിലെ കട്ട് കൃത്യമായി കളയാതെയുള്ളനിത്യോപയോഗം പാൻക്രിയാറ്റൈറ്റിസ് രോഗത്തിന് കാരണമാകും. കേരളത്തിൽ ഈ രോഗം മുൻപന്തിയിലാണ്. ഈ രോഗം പാൻക്രിയാസിന്റെ വാൽവിൽ ഒരു മുഴപോലെ ആരംഭിച്ച് മറ്റ് രോഗങ്ങളിലേക്ക് മാറും.