അബുജ: വടക്ക് - കിഴക്കൻ നൈജീരിയൻ സംസ്ഥാനമായ യോബിയിൽ കഴിഞ്ഞ അഞ്ചാഴ്ചകൾക്കിടയിൽ മരിച്ചത് 471 പേർ. വിവിധ ആരോഗ്യപ്രശ്നങ്ങളാലുള്ള അസാധാരണ മരണസംഖ്യയാണിതെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു. ഈ മരണങ്ങൾക്ക് കൊവിഡുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇതേ വരെ 4,971 കൊവിഡ് 19 കേസുകളും 164 മരണങ്ങളുമാണ് നൈജീരിയയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്.
യോബി സംസ്ഥാനത്ത് മരിച്ചവരിലേറെയും വൃദ്ധരാണെന്നും ഇവർക്ക് പ്രമേഹമുൾപ്പെടെയുള്ള വാർദ്ധക്യസഹജമായ അസുഖങ്ങൾ നേരിട്ടിരുന്നതായും ആദ്യ ഘട്ട അന്വേഷണത്തിൽ കണ്ടെത്തിയതായി യോബിയിലെ സംസ്ഥാന ആരോഗ്യ കമ്മീഷണറായ മുഹമ്മദ് ലാവൻ ഗാന പറയുന്നു. ചിലർ കൊവിഡ് ലക്ഷണങ്ങൾ കാട്ടിയിരുന്നതായും റിപ്പോർട്ടുണ്ട്. വടക്കൻ നൈജീരിയയിലെ തന്നെ കാനോ സംസ്ഥാനത്തും ഇത്തരത്തിൽ നൂറ് കണക്കിന് പേർ അസ്വഭാവികമായി മരിക്കുന്നതായാണ് റിപ്പോർട്ട്.
അന്വേഷണം നടക്കുന്നതായി പറയുന്നുണ്ടെങ്കിലും കൊവിഡുമായി ഈ മരണങ്ങൾക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ അധികൃതർ മൗനം പാലിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ കൊവിഡ് 19 ടെസ്റ്റുകൾ തീരെ കുറവാണ്. അതുകൊണ്ട് തന്നെ നിരവധി പേർക്ക് വൈറസ് ബാധിച്ചിട്ടും അത് അറിയാതെ പോകുന്ന അവസ്ഥയാണുള്ളത്.