ആത്മോപദേശ ശതകത്തിന്റെ പേർഷ്യൻ, ഉറുദു പരിഭാഷകളെക്കുറിച്ച് ഒരു നസറുദീൻ മത് ദശി രേഖപ്പെടുത്തിയെന്നു പറയുന്ന ഒരു കുറിപ്പ് ഏതാനും ദിവസങ്ങളായി ഗുരുവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്തയുടെ ആധികാരികതയെപ്പറ്റി ചുരുക്കം ചിലർ മാത്രമേ സംശയം പ്രകടിപ്പിച്ചു കണ്ടിട്ടുള്ളൂ. സാങ്കേതികവിദ്യ ഇത്രയും വളർന്ന ഈ കാലത്ത് ആ കൃതികളുടെ ഫോട്ടോയോ പി.ഡി.എഫ് കോപ്പിയോ കണ്ടെത്താനോ തെളിവായി കാണിക്കാനോ ആരും തുനിഞ്ഞതായി കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ എനിക്കറിയാവുന്ന ചില വസ്തുതകൾ വെളിപ്പെടുത്തുകയാണ്.
എന്റെ അറിവിൽ ഏതാണ്ട് 5 വർഷം മുമ്പ് ഗുരുദേവൻ മാസികയിൽ ഫിർദൗസ് എന്നൊരാളാണ് ഇക്കാര്യം ഒരു ലേഖനമായി ആദ്യമായിട്ട് അവതരിപ്പിച്ചത്. ഇതിൽ കൗതുകം തോന്നി ഫോൺ നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ച്, ലേഖനത്തെ അഭിനന്ദിച്ച് ഭവ്യതയോടെ സംസാരിച്ചെങ്കിലും പ്രതികരണം വളരെ തണുപ്പനായിരുന്നു. ലേഖനത്തിൽ പറയുന്ന പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കൈയിലുണ്ടെന്നു പറഞ്ഞപ്പോൾ, അദ്ദേഹം പറയുന്നിടത്ത് പറയുന്ന സമയത്ത് എത്തി ഞാനതൊന്ന് കണ്ടോട്ടേ എന്നു ചോദിച്ചതിന് 'ഞാനൊരിടത്തും തങ്ങാറില്ലെന്നും അതുകൊണ്ട് പ്രയാസമായിരിക്കും" എന്ന മറുപടി കേട്ട് തത്‌കാലം ശ്രമം ഉപേക്ഷിച്ചു. കുറച്ചുനാൾ കഴിഞ്ഞ് വിളിച്ചപ്പോൾ ഫോൺ നിശ്ചലമായിരുന്നു.
ഞാൻ ഗുരുദേവൻ മാസികയുടെ എഡിറ്ററായ ശേഷം കഴിഞ്ഞ വർഷത്തെ വിശേഷാൽ പതിപ്പിന് ഒരു ലേഖനം ചോദിക്കാൻ വീണ്ടും വിളിച്ചെങ്കിലും ഫോൺ നിശ്ചലമായിരുന്നു. ഇപ്പോൾ ഈ വിഷയം വീണ്ടും തലപൊക്കിയപ്പോൾ ആ നമ്പറിൽ വീണ്ടും പല തവണ വിളിച്ചു. രണ്ടുദിവസം മുമ്പ് പട്ടാമ്പിയിലുള്ള അദ്ദേഹത്തിന്റെ സഹോദരിയെ ഫോണിൽ കിട്ടി. കഴിഞ്ഞ ചെറിയ പെരുന്നാൾ കഴിഞ്ഞ് അദ്ദേഹം മരിച്ചുപോയതായി അവർ അറിയിച്ചു. കാൻസർ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പുസ്തകങ്ങളൊന്നുമില്ലെന്നും അവർ അറിയിച്ചു. അതുകൊണ്ട് ആ ആദ്ധ്യായം അങ്ങനെ അവസാനിച്ചതായി കണക്കാക്കി ഈ പറഞ്ഞ പുസ്തകങ്ങളെക്കുറിച്ച് നിജസ്ഥിതി അറിയാൻ മറ്റു മാർഗങ്ങൾ തേടേണ്ടിയിരിക്കുന്നു. പല കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞിട്ടും ഇന്റർനെറ്റിൽ യാതൊരു വിവരവുമില്ല. ഇതു വായിക്കുന്നവർ അവരവരുടെ പരിചയത്തിലുള്ള അറബിക് ഉറുദു സൂഫി പണ്ഡിതന്മാർ, ഗ്രന്ഥാലയങ്ങൾ (പ്രത്യേകിച്ച് ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി പോലെയുള്ള
ലോക പ്രശസ്ത ഗ്രന്ഥാലയങ്ങൾ.)
സർവകലാശാലകളിൽ അന്വേഷിക്കുക.
കേട്ടതു സത്യമാണെങ്കിൽ, ആ അമൂല്യ ഗ്രന്ഥങ്ങൾ കണ്ടെത്തുന്നതനു മാത്രമല്ല, മറ്റു വല്ല ദുരുദ്ദേശ്യത്തോടെ നടത്തുന്ന വ്യാജ പ്രചാരണമാണെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരുന്നതിനും ഈ ശ്രമങ്ങൾ ഉപകരിക്കും.
പി.ആർ. ശ്രീകുമാർ
9288137485