yogi-

ലക്നൗ: ഉത്തർപ്രദേശ് സർക്കാർ എം.എസ്.എം.ഇ( സൂഷ്മ-ചെറുകിട-ഇടത്തരം)വ്യവസായങ്ങൾക്ക് 2002 കോടിയുടെ വായ്പ നൽകുന്നു. സംസ്ഥാനത്തെ 56,754 ഇത്തരം വ്യവസായങ്ങൾക്കാണ്‌ വായ്പ അനുവദിച്ചത്‌. എം.എസ്.എം.ഇ മേഖലയിലുള്ള വ്യവസായങ്ങൾക്ക് കേന്ദ്രസർക്കാർ മൂന്ന് ലക്ഷം കോടിയുടെ സഹായ പദ്ധതി പ്രഖ്യാപിച്ചതിന്റെ ചൂടാറും മുമ്പാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി.

എം.എസ്.എം.ഇ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാൻ വൻതുക വായ്പ അനുവദിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്. വായ്പ അനുവദിക്കുന്നതിനായി ഏകജാലക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ദീപാവലിക്ക് വിഗ്രഹങ്ങളും മറ്റും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക് എത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളുടെ ചുവട് പിടിച്ച് എം.എസ്.എം.ഇ മേഖലയിലെ സംസ്ഥാനത്തെ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.