ramesh-chennithala

തിരുവനന്തപുരം: വാളയാറില്‍ പോയ എം.പിമാരും എം.എല്‍.എമാരും നിരീക്ഷണത്തിൽ പോകണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ നേതാവും മറ്റ് കോൺഗ്രസ് നേതാക്കളും രംഗത്ത്. നടപടി രാഷ്ട്രീയക്കളിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

രാഷ്ട്രീയ വൈരമാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിരീക്ഷണത്തില്‍ പോകുമെന്നും വി.കെ.ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. ഔദ്യോഗിക വിവരം കിട്ടിയിട്ടില്ല. പിന്നില്‍ അജണ്ട ഉണ്ടോ എന്ന് നോക്കണം. ഇത്രനാളും പ്രൈമറി കോണ്‍ടാക്റ്റില്‍ ഉള്ളവരാണ് ക്വാറന്‍റീനില്‍ പോയിക്കൊണ്ടിരുന്നത്. ഏതായാലും സര്‍ക്കാര്‍ പറ‍ഞ്ഞത് അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജില്ലാ കമ്മിറ്റിയാണ് ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇതില്‍ ഖേദമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം എന്തായാലും പാലിക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. മേയ് ഒമ്പതിന് വാളയാറിലൂടെ മലയാളികളെ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച കോൺഗ്രസിലെ മൂന്ന് എം.പിമാരും രണ്ട് എം.എൽ.എമാരും ഉൾപ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. മാദ്ധ്യമപ്രവർത്തകരും പൊലീസുകാരും നിരീക്ഷണത്തിൽ പോകേണ്ടവരുടെ പട്ടികയിലുണ്ട്. അതേസമയം, പ്രവാസികളെ സ്വീകരിക്കാൻ എത്തിയ മന്ത്രി എ.സി മൊയിതീനും നിരീക്ഷണത്തിൽ പോകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.