prison

ബൊഗോറ്റ: ലാറ്റിനമേരിക്കയിൽ കൊവിഡ് പിടിമുറുക്കുമ്പോൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർ. തടവുപുള്ളികൾ തിങ്ങി നിറഞ്ഞ് പാർക്കുന്ന ഇവിടത്തെ ജയിലുകളിൽ രോഗം വ്യാപനം തടയുക എന്നത് വിദൂര സ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോറ്റയിൽ നിന്നും 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിലാവിസെൻഷ്യോ നഗരത്തിലെ സെൻട്രൽ ജയിൽ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ബാധിത മേഖലകളിലൊന്നായി മാറിയിരിക്കുകയാണ്.

നിലവിൽ 859 പേർക്കാണ് വിലാവിസെൻഷ്യോ ജയിലിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയവരിൽ തടവുകാരെ കൂടാതെ ജയിൽ ജീവനക്കാരും ഉൾപ്പെടുന്നു. 1,835 തടവുകാരാണ് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ ഇവിടെ ഉണ്ടായിരുന്നത്. ജയിലിന്റെ ശേഷിയുടെ ഇരട്ടിയാണിത്. ജയിലിന്റെ ശോചനീയാവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ജയിൽ അധികൃതർ ആരോപിക്കുന്നത്. ജയിലിനുള്ളിൽ കഴിയുന്ന തടവുകാരെ പോലെ ജീവനക്കാരും ഇപ്പോൾ അപകടത്തിലാണ്. ജയിലിന് താങ്ങാവുന്നതിലും ഇരട്ടി തടവുകാർ തിങ്ങി നിറഞ്ഞ് കഴിയുന്നതാണ് രോഗവ്യാപനം കൂടാനിടയാക്കിയതെന്ന് ജയിൽ ഡയറക്ടർ മിഗ്വൽ ഏഞ്ചൽ റോഡ്രിഗസ് പറയുന്നു.

തടവുകാർ തമ്മിൽ സാമൂഹിക അകലം പാലിക്കുക എന്നതും അസാധ്യമാണ്. വൈറസ് വ്യാപന ഭീതി ഭയന്ന് ഒരു കൂട്ടം തടവുകാർ നേരത്തെ ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസിന്റെയും ജയിൽ അധികൃതരുടെയും സമയോചിതമായ ഇടപെടൽ കാരണം അത് പരാജയപ്പെടുത്താനായി. എന്നാൽ എപ്പോൾ വേണമെങ്കിലും ഒരു കലാപം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന അവസ്ഥയിലാണ് ഈ ജയിൽ. പകുതിയോളം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ ഐസൊലേറ്റ് ചെയ്യാൻ പോലും മാർഗമില്ല. രോഗികളുടെ എണ്ണം ഇനിയും കൂടും. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജയിലിൽ തടവുകാരെ പരിശോധിക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ജയിലിലെ ഡോക്ടർമാർ ജോലി മതിയാക്കി പോയിരുന്നു.

ലാറ്റിനമേരിക്കയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ ഭീതിയുടെ നിഴലിലാണ് കൊളംബിയ, പെറു, വെനസ്വേല ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തടവറകൾ. രോഗവ്യാപനത്തെ ഭയന്ന് പൊട്ടിപ്പുറപ്പെടുന്ന ജയിൽ കലാപങ്ങളും ആശങ്കകൾ സൃഷ്ടിക്കുന്നു. വിലാവിസെൻഷ്യോ സെൻട്രൽ ജയിൽ ഒരുദാഹരണം മാത്രമാണ്. കൊളംബിയയിലേതുൾപ്പെടെ ലാറ്റിനമേരിക്കയിലെ മിക്ക ജയിലുകളിലെയും സ്ഥിതി ഇപ്പോൾ ഇങ്ങനെയാണ്. 12,930 പേർക്കാണ് കൊളംബിയയിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 509 പേർക്കാണ് ജീവൻ നഷ്ടമായത്.