കിളിമാനൂർ: ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ പ്രമേയവുമായി എത്തിയ 'അയ്യേ പങ്കം, പങ്കം' എന്ന ഷോർട്ട് ഫിലിം വൈറലാകുന്നു. ഗ്രാമപ്രദേശങ്ങളിലെ അന്തവിശ്വാസങ്ങളും ഗൃഹനാഥന്മാരുടെ കൊച്ചു കുരുത്തക്കേടുകളുമൊക്കെയായി ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നു. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഗൃഹനാഥൻ ബിവറേജ് ഔട്ട് ലെറ്റ് തുറന്നു എന്ന വ്യാജ വാർത്ത കേട്ട് മൺവെട്ടിയും കളഞ്ഞ് ഓടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന മലയാളി സമൂഹത്തിന്റെ പ്രതീകമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജവാർത്ത വിശ്വസിച്ച് അതിനു പിറകെ പോയി ഒടുവിൽ കാക്കിയുടെ കൈക്കരുത്തറിയുന്നവർക്കുള്ള ഒരു ഗുണപാഠം കൂടിയാണ് ഈ ചിത്രം. ഒറ്റ മൈനയെ കണ്ടാൽ ആ ദിവസം നല്ലൊതൊന്നും നടക്കില്ല എന്ന അന്ധവിശ്വാസത്തിൽ ആശ്വസിക്കേണ്ടിവരുന്ന കഥാനായകനെയും ഇതിൽ കാണാം. മാദ്ധ്യമ പ്രവർത്തകനും കവിയുമായ വിജയൻ പാലാഴി രചന നിർവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിങ്കിരി അനിലാണ്. വിജയൻ പാലാഴി, ഹരി, സാബു നീലകണ്ഠൻ നായർ എന്നിവരാണ് അഭിനേതാക്കൾ. അയ്യപ്പൻ, എൻ.ജെ. അനിൽകുമാർ, ഗുരുപ്രിയ എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. പൂർണമായും മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തെ അഭിനന്ദിച്ച് സിനിമാ,സീരിയൽ,നാടക രംഗത്തെ പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.