ഇന്നത്തെ അത്താഴത്തിന് അൽപം എരിവും പുളിയും മസാലയും എല്ലാം ചേർന്ന കല്ലുമ്മക്കായ റോസ്റ്റ് ആയാലോ? ഏത് രീതിയിൽ വെച്ചാലും സ്വാദിഷ്ഠമാണ് എന്നത് തന്നെയാണ് കല്ലുമ്മക്കായയുടെ പ്രത്യേകത. എരിവാണ് ഇതിലെ അവസാന രുചി നിശ്ചയിക്കുന്നതും. കല്ലുമ്മക്കായ കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കല്ലുമ്മക്കായ റോസ്റ്റ് കൊണ്ട് ഒരു രുചിവൈവിധ്യം തന്നെ തീർക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള വസ്തുക്കൾ
കല്ലുമ്മക്കായ- അരക്കിലോ
തക്കാളി- രണ്ടെണ്ണം
പച്ചമുളക്- ആറെണ്ണം
ചെറിയ ഉള്ളി അരിഞ്ഞത്- 4 സ്പൂൺ
അര ടീസ്പൂൺ മഞ്ഞൾപ്പൊടി
വെളിച്ചെണ്ണ- നാല് ടേബിൾ സ്പൂൺ
ഇഞ്ചി അരച്ചത്- രണ്ട് ടീ സ്പൂൺ
മുളക് പൊടി-രണ്ട് ടീസ്പൂൺ
ഉലുവ- രണ്ട് ടീസ്പൂൺ
കറിവേപ്പില- രണ്ട് തണ്ട്
മല്ലിയില- ആവശ്യത്തിന്
പുളി- പാകത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
കല്ലുമ്മക്കായ വൃത്തിയാക്കി കഴുകിയ ശേഷം പുളിവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുക്കാം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവയിട്ട് ചൂടാക്കാം. ഉലുവ നിറം മാറിത്തുടങ്ങുമ്പോൾ ഉള്ളിയും പച്ചമുളകും കൂടി വഴറ്റാം. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റാം. അടുത്തതായി മുളക് പൊടിയും മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് ഇളക്കിയ ശേഷം കല്ലുമ്മക്കായ ചേർക്കാം. ഇതിനോടൊപ്പം ബാക്കിയുള്ള ചേരുവകളും ചേർത്ത് ഇളക്കി ഒരു കപ്പ് വെള്ളം കൂടി ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അടച്ച് വെച്ച് വേവിയ്ക്കാം. പിന്നീട് വെന്ത് ചാറ് കുറുകിയ ശേഷം മല്ലിയില ചേർത്ത് ഉപയോഗിക്കാം.